തിരുവിതാംകൂർ രാജകുടുംബത്തിലെ റാണിമാർ ഭരിച്ചിരുന്ന പ്രദേശമായിരുന്നു പണ്ട് ആറ്റിങ്ങൽ. ബ്രിട്ടീഷുകാരുടെ കുരുമുളക് കുത്തകാവകാശത്തിനും അഴിമതിക്കുമെതിരെ കലാപങ്ങൾ ഉണ്ടായ മണ്ണാണിത് . രാഷ്ട്രീയബോധവും, വിപ്ലവവുമെല്ലാം സിരകളിൽ ഓടുന്ന ജനങ്ങളാണ് ഇവിടുത്തെ വോട്ടർമാർ.ആറ്റിങ്ങൽ നഗരസഭയെക്കൂടാതെ ചെറുന്നിയൂർ, കരവാരം, കിളിമാനൂർ, മണമ്പൂർ ഒട്ടൂർ, പഴയകുന്നുംമേൽ, പുളിമാത്ത്, വക്കം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണിത്.
1965 ൽ എൽ ഡി എഫിന്റെ കെ. അനിരുദ്ധനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത് . 1967 ൽ കെ.പി.കെ. ദാസ് ഇവിടെ നിന്ന് ജയിച്ചു , 1970 മുതൽ 1982 വരെ വക്കം പുരുഷോത്തമൻ, 1987 ൽ ആനത്തലവട്ടം ആനന്ദൻ , 1991 ൽ ടി. ശരത്ചന്ദ്രപ്രസാദ് , 1996 ൽ ആനത്തലവട്ടം ആനന്ദൻ , 2001 ൽ വക്കം പുരുഷോത്തമൻ, 2006 ൽ ആനത്തലവട്ടം ആനന്ദൻ , 2011 ലും , 2016 ലും ബി സത്യൻ , 2021 ൽ ഒ.എസ്. അംബിക എന്നിവരാണ് ഈ മണ്ഡലത്തിൽ നിന്ന് ജയിച്ച് കയറിയത്.അംബിക 69,898 വോട്ടുകൾ നേടി വലിയ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി പി. സുധീറിനെ 31,636 വോട്ടുകൾക്കാണ് അംബിക പരാജയപ്പെടുത്തിയത്.
നിലവിലെ എംഎൽഎ കൂടിയായ ഒ. എസ്. അംബിക തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. ആർ.എസ്.പി നേതാവ് സന്തോഷ് ഭദ്രൻ ആണ് യുഡിഎഫ് സ്ഥാനാർഥി. പി. സുധീർ തന്നെയാണ് ഇത്തവണയും എൻഡിഎ സ്ഥാനാർഥി.
ഇടത് പക്ഷത്തിന് മുൻ തൂക്കമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. എന്നാൽ കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് കൊണ്ട് തന്നെ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണിവിടെ നടക്കുന്നത് .ഉദ്യോഗസ്ഥ തലത്തിൽ ഇടപെടാനും ക്ഷേമ ആനുകൂല്യങ്ങൾ ഉറപ്പാക്കാനും പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിൽക്കാനും ജനപ്രതിനിധികൾക്ക് എത്രത്തോളം കഴിയുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇവിടുത്തെ വോട്ടവകാശം വിനിയോഗിക്കുന്നത് . വിപ്ലവകരമായ മാറ്റങ്ങൾ ഇത്തവണ ഈ മണ്ഡലത്തിൽ ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

