മലയാളം ബോക്സ് ഓഫീസിന്റെ മാക്സിമം പൊട്ടൻഷ്യൽ അറിയാൻ ഒരു മോഹൻലാൽ ചിത്രത്തിന് പോസിറ്റീവ് റെസ്പോൺസ് വന്നാൽ മതിയെന്ന പല്ലവി എത്രത്തോളം അർത്ഥവത്താണെന്ന് തെളിയിച്ച് മോഹൻലാൽ തന്റെ പടയോട്ടം തുടരുകയാണ്. വിമർശനത്തിനപ്പുറം കടക്കുന്ന വെറുപ്പിന്റെ പ്രചാരണങ്ങളെയും കൂസാതെ സ്വതസിദ്ധമായ തന്റെ അഭിനയസൗകുമാര്യം സ്വയം ആസ്വദിച്ച് അയാൾ മലയാള സിനിമയെ തനിക്ക് മാത്രം എത്തിക്കാൻ സാധിക്കുന്ന ഉയരങ്ങളിൽ പ്രതിഷ്ഠിക്കുന്നു. നാല് ദശാബ്ദങ്ങൾ കടന്ന് മോഹൻലാൽ എന്ന പ്രതിഭാസം തന്റെ അറുപത്തിയഞ്ചാം പിറന്നാളിലും മലയാള സിനിമയെ തന്റെ ചരിഞ്ഞ തോളിൽ ഉയർത്തി ആഘോഷങ്ങളുടെ കാവടിയാട്ടം തുടരുന്നു.
മണിയൻപിള്ള രാജു, സുരേഷ് കുമാർ, ഉണ്ണി, പ്രിയദർശൻ, രവികുമാർ എന്നീ സുഹൃത്തുക്കൾക്കൊപ്പം 1978ൽ ചെയ്ത തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ വിശ്വനാഥൻ നായർ മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. ചിത്രത്തിൽ കുട്ടപ്പൻ എന്ന മാനസിക വെല്ലുവിളി നേരിടുന്ന കഥാപാത്രമായാണ് മോഹൻലാൽ അഭിനയിച്ചത്. എന്നാൽ സെൻസറിംഗുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികൾ കാരണം ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം മാത്രമായിരുന്നു ആ ചിത്രത്തിന് തിയേറ്ററിൽ എത്താൻ സാധിച്ചത്. അപ്പോഴേക്കും മലയാള സിനിമയുടെ താരസിംഹാസനത്തിൽ മോഹൻലാൽ അനിഷേധ്യമായ തന്റെ ഇരിപ്പിടം ഉറപ്പിച്ചിരുന്നു.
1980ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രമായിരുന്നു മോഹൻലാലിന്റെ ആദ്യ തിയേറ്റർ റിലീസ് കഥാപാത്രം. ചിത്രത്തിലെ നായകനോളം പ്രശംസ നേടിയ വില്ലനായി മോഹൻലാൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. തുടർന്ന് നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളുടെ കുത്തൊഴുക്കിനിടെ ഉണരൂ, ശ്രീകൃഷ്ണ പരുന്ത് തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്ത വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ശശികുമാർ സംവിധാനം ചെയ്ത ‘ഇവിടെ തുടങ്ങുന്നു‘ എന്ന ചിത്രത്തിലൂടെ നായക നടനായി മാറിയ മോഹൻലാൽ, 84ൽ പ്രിയദർശൻ സംവിധാനം ചെയ്ത പൂച്ചയ്ക്കൊരു മൂക്കുത്തിയിലൂടെ ഹാസ്യനായകനായും അരങ്ങേറ്റം കുറിച്ചു. പിന്നീട് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന നാൽപ്പത്തിനാലോളം ചിത്രങ്ങൾ മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗധേയം മാറ്റി മറിച്ചു.
എൺപതുകളുടെ അവസാനം അരവിന്ദൻ, ഹരിഹരൻ, എം ടി വാസുദേവൻ നായർ, പത്മരാജൻ, ഭരതൻ, ലോഹിതദാസ് തുടങ്ങിയ മഹാരഥന്മാരുടെ ചിത്രങ്ങളിലൂടെ മോഹൻലാൽ എന്ന നടൻ തന്റെ നടന വൈഭവത്തിന്റെ അനന്ത സാധ്യതകളെ രാകി മിനുക്കി. മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ ഒരു കാലഘട്ടത്തിലെ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ മലയാളി യുവത്വത്തിന്റെ നൊമ്പരങ്ങളും പ്രതിഷേധങ്ങളും ഹാസ്യത്തിന്റെ മേമ്പൊടിയോടെ സ്ക്രീനിൽ എത്തിച്ചപ്പോൾ, മലയാളത്തിലെ എണ്ണം പറഞ്ഞ സാമൂഹ്യവിമർശന ചിത്രങ്ങളും പിറവി കൊണ്ടു. ഇവയൊക്കെയും വാണിജ്യപരമായി വലിയ വിജയങ്ങളായി മാറി.
86ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി പി ബാലഗോപാലൻ എം എ, മോഹൻലാലിന് മികച്ച നടനുള്ള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്തു. അതേവർഷം തന്നെ റിലീസ് ചെയ്ത തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകൻ മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തി. ചിത്രത്തിലെ വിൻസന്റ് ഗോമസ് എന്ന അധോലോക നായക കഥാപാത്രം മോഹൻലാലിന്റെ അഭിനയ ജീവിതത്തിലും നിർണായക നാഴികക്കല്ലായി മാറി. തുടർന്ന് വന്ന താളവട്ടം, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായി. മോഹൻലാൽ- പത്മരാജൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ മലയാള സിനിമയിൽ അന്നോളം നിലനിന്നിരുന്ന യാഥാസ്ഥിതിക ചട്ടക്കൂടുകളെ ഉടച്ചുവാർത്തു. ഈ കൂട്ടുകെട്ടിൽ ജന്മം കൊണ്ട തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ എന്ന ദ്വന്ദ്വവ്യക്തിത്വമുള്ള നായക കഥാപാത്രത്തെ അനിതരസാധാരണമായ നൈസർഗ്ഗികത കൊണ്ട് മോഹൻലാൽ അനശ്വരമാക്കി. മലയാളത്തിലെ നിത്യഹരിത കാൽപ്പനിക ബിംബമായി തൂവാനത്തുമ്പികൾ ഇന്നും നിലകൊള്ളുന്നു.
1988ൽ പുറത്തിറങ്ങിയ മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ‘ചിത്രം‘ തുടർച്ചയായി 365 ദിവസം ഒരേ തിയേറ്ററിൽ പ്രദർശിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചു. 89ൽ ലോഹിതദാസ്- സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന കിരീടം മോഹൻലാലിലെ നടനെ അതുല്യമായ സഹൃദയതലങ്ങളിൽ അനാവരണം ചെയ്തു. അതേവർഷം പുറത്തിറങ്ങിയ വരവേൽപ്പ് കേരളത്തിൽ ഇന്നും പ്രസക്തമായ പൊള്ളുന്ന രാഷ്ട്രീയം പറയുന്ന ചിത്രമായി.
മോഹൻലാൽ നിരവധി ബോക്സ് ഓഫീസ് വിജയങ്ങളുടെ കുത്തൊഴുക്ക് കണ്ട തൊണ്ണൂറുകളിൽ, അദ്ദേഹത്തിന്റെ താരമൂല്യത്തിനൊപ്പം അഭിനയ സിദ്ധിയെയും സ്ക്രീൻ പ്രസൻസിനെയും ചൂഷണം ചെയ്ത ഭരതന്റെ ‘താഴ്വാരം‘ വേറിട്ട് നിന്നു. പിന്നാലെ വന്ന കിലുക്കം മലയാളത്തിലെ എക്കാലത്തെയും ആഘോഷിക്കപ്പെടുന്ന കോമഡി ചിത്രമായി മാറിയപ്പോൾ, രണ്ടാം വട്ടവും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മോഹൻലാലിനെ തേടിയെത്തി. 1991ൽ പുറത്തിറങ്ങിയ ഭരതം, കിരീടത്തിലെ പ്രകടനത്തിന് നേരിയ വ്യത്യാസത്തിൽ നഷ്ടമായ മികച്ച നടനുള്ള ദേശീയ പുരസ്കാരം മോഹൻലാലിന് സമ്മാനിച്ചു. ഇതിഹാസ കാവ്യത്തെ ഭരതന്റെ കാഴ്ചപ്പാടിലൂടെ ആധുനിക കാലത്തിൽ പുനർവായന നടത്തിയ ഭരതത്തിലെ മോഹൻലാലിന്റെ പ്രകടനം ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നായി ഫോർബ്സ് ഇന്ത്യ അടയാളപ്പെടുത്തി. കമലദളം, രാജശിൽപ്പി, യോദ്ധ, വിയറ്റ്നാം കോളനി, ദേവാസുരം എന്നീ ശ്രദ്ധേയ ചിത്രങ്ങളിൽ നിന്നും പ്രകടനത്തിലെ അഭൗമ സ്പർശം കൊണ്ട് വേറിട്ട് നിന്നു, മോഹൻലാലിന്റെ അതുല്യ ക്ലാസിക് പ്രകടനം എന്ന് എണ്ണപ്പെട്ട എം ടി- സിബി മലയിൽ ടീമിന്റെ സദയം.
പിന്നീട് മണിച്ചിത്രത്താഴ്, സ്ഫടികം, കാലാപാനി, ഗുരു എന്നീ മികച്ച ചിത്രങ്ങളിൽ മോഹൻലാൽ വേഷമിട്ടു. 97ൽ മണിരത്നത്തിന്റെ ‘ഇരുവർ‘ എന്ന ക്ലാസിക് ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം വീണ്ടും മോഹൻലാലിനെ തേടിയെത്തി. രണ്ട് വർഷങ്ങൾക്ക് ശേഷം 99ൽ, ഷാജി എൻ കരുണിന്റെ വാനപ്രസ്ഥം നിരവധി അന്തർദ്ദേശീയ പുരസ്കാരങ്ങൾക്കൊപ്പം മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ പുരസ്കാരവും മോഹൻലാലിന് നേടിക്കൊടുത്തു.
2000ൽ റിലീസ് ചെയ്ത നരസിംഹം, മലയാള സിനിമയുടെ വാണിജ്യ സാധ്യതകൾക്ക് പുതിയ സമവാക്യം ചമച്ച് മോഹൻലാലിന്റെ താരപരിവേഷത്തിന് പുത്തൻ വിപണി കണ്ടെത്തി. 2002ൽ രാം ഗോപാൽ വർമ്മയുടെ ‘കമ്പനി‘ എന്ന ഹിന്ദി ചിത്രത്തിലെ ശ്രീനിവാസൻ ഐ പി എസ് എന്ന കഥാപാത്രം വലിയ തോതിൽ നിരൂപക പ്രശംസ നേടി. ബാലേട്ടൻ, രാവണപ്രഭു, ഉദയനാണ് താരം, രസതന്ത്രം, ട്വെന്റി ട്വെന്റി, ഇവിടം സ്വർഗ്ഗമാണ്, ഹലോ, മാടമ്പി എന്നീ ചിത്രങ്ങൾ ആ ദശാബ്ദത്തിലെ മികച്ച വാണിജ്യ വിജയങ്ങളായപ്പോൾ 2006ൽ ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിലെ അൾഷിമേഴ്സ് രോഗബാധിതനാകുന്ന രമേശൻ നായർ എന്ന കഥാപാത്രം മോഹൻലാലിലെ നടനെ വീണ്ടും അന്തർദേശീയ തലത്തിൽ ശ്രദ്ധേയനാക്കി. കീർത്തിചക്ര എന്ന ചിത്രത്തിലെ മേജർ മഹാദേവൻ അന്ന് വരെ മലയാള സിനിമയിൽ ഉണ്ടായ സൈനിക കഥാപാത്രങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി. പരദേശി, ഭ്രമരം എന്നീ കലാമൂല്യമുള്ള ചിത്രങ്ങളിലെ അഭിനയം വീണ്ടും മോഹൻലാലിന് നിരവധി പുരസ്കാരങ്ങളും നിരൂപക പ്രശംസയും സമ്മാനിച്ചു.
2011ൽ ബ്ലസിയുടെ പ്രണയം, 2012ൽ രഞ്ജിത്തിന്റെ സ്പിരിറ്റ് എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലിലെ നടൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഒരു മരുഭൂമിക്കഥ, ഗ്രാൻഡ്മാസ്റ്റർ, റൺ ബേബി റൺ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം 2013ൽ വന്ന ദൃശ്യം മലയാള സിനിമയിൽ പുത്തൻ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചു, ഒപ്പം മോഹൻലാലിന്റെ മികച്ച പ്രകടനത്തിനും അരങ്ങൊരുക്കി. 2014ൽ വിജയ്ക്കൊപ്പം അഭിനയിച്ച തമിഴ് ചിത്രം ജില്ലയും വൻ വിജയമായി. ജൂനിയർ എൻടിആറിനൊപ്പം ചെയ്ത തെലുങ്ക് ചിത്രം ജനത ഗാരേജ്, കന്നഡ ചിത്രം മൈത്രി എന്നിവയും വിജയങ്ങളായി.
2016ൽ വിജയ ചിത്രമായ ഒപ്പത്തിന് പിന്നാലെ വന്ന പുലിമുരുകൻ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് 100 കോടി തിളക്കത്തിൽ എത്തിയപ്പോൾ മോഹൻലാൽ എന്ന നടനും താരവും മലയാള സിനിമയിൽ ആഘോഷിക്കപ്പെട്ടു. പിന്നീട് വന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ശ്രദ്ധേയ വിജയമായപ്പോൾ, 2019ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ മലയാളത്തിലെ മഹാവിജയമായി 200 കോടിക്ക് മുകളിൽ ബിസിനസ് ചെയ്തു. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഒടിയൻ, മലൈക്കോട്ടൈ വാലിബൻ എന്നിവ മോഹൻലാലിന്റെ ശ്രദ്ധേയ ചിത്രങ്ങളായി. രജനീകാന്തിന്റെ ജയിലറിലെ കാമിയോ റോൾ ശ്രദ്ധിക്കപ്പെട്ടപ്പോൾ, നേര് എന്ന ജീത്തു ജോസഫ് ചിത്രവും വിജയമായി. ഒടിടി റിലീസുകളായി ദൃശ്യം 2, ബ്രോ ഡാഡി, ട്വെൽത്ത് മാൻ എന്നീ ചിത്രങ്ങളും എത്തി. 2024ൽ ബറോസ് എന്ന ചിത്രത്തിലൂടെ മോഹൻലാൽ സംവിധായകനായും അരങ്ങേറ്റം കുറിച്ചു.
പ്രകടനങ്ങളും വിജയങ്ങളും ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയതോടെ വിമർശനങ്ങൾക്കൊപ്പം അകാരണമായ വിദ്വേഷവും ഏറ്റുവാങ്ങേണ്ടി വന്ന മോഹൻലാൽ, 2025ൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായി മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജിന്റെ സംവിധാനത്തിൽ വന്ന എമ്പുരാനിലൂടെ ഇന്ത്യൻ സിനിമയിൽ ആകെ തരംഗം സൃഷ്ടിച്ചു. ആഗോള ബോക്സ് ഓഫീസിൽ 265 കോടി കളക്ഷൻ നേടി ചരിത്ര വിജയമായി മാറിയ എമ്പുരാൻ കൊളുത്തി വിട്ട ആവേശം കെട്ടടങ്ങുന്നതിന് മുൻപ് തരുൺ മൂർത്തിയുടെ സംവിധാനത്തിൽ വന്ന ‘തുടരും‘ മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും വലിയ വിജയമായി മാറി. കേരള ബോക്സ് ഓഫീസിൽ ഇന്നോളമുള്ള സകലമാന റെക്കോർഡുകളും സ്വന്തം പേരിലാക്കി മുന്നേറുന്ന ചിത്രം, മോഹൻലാൽ എന്ന നടന്റെയും താരത്തിന്റെയും ഗംഭീരമായ പ്രകടനം ആഴത്തിൽ അടയാളപ്പെടുത്തി. 30 ദിവസത്തിനിടയിൽ 500 കോടിക്ക് മുകളിൽ പെരുകുന്ന ബിസിനസ് രണ്ട് ചിത്രങ്ങളിലൂടെ സ്വന്തം പേരിലാക്കിയ മോഹൻലാൽ, കാട് കയറിയ ഒറ്റയാനായി നിന്ന് ചിഹ്നം വിളിക്കുന്നത് വിമർശനങ്ങളുടെ മറവിൽ പ്രസരിച്ച വിദ്വേഷത്തിന്റെയും പരിഹാസത്തിന്റെയും തിരസ്കാര, ബഹിഷ്കരണ ആഹ്വാനങ്ങളുടെയും നേർക്ക് കൂടിയാണ്.
നാല് തലമുറകളെ തന്റെ അതുല്യ അഭിനയസിദ്ധി കൊണ്ട് വിസ്മയിപ്പിച്ച മോഹൻലാൽ മലയാള സിനിമാ ചരിത്രത്തിന്റെ സമാനതകളില്ലാത്ത പ്രതീകമായി പ്രയാണം തുടരുകയാണ്, താരസിംഹാസനത്തിന്റെ കർണ്ണഭാരത്തിനപ്പുറം കാലം ഇനിയും കാത്ത് വെച്ചിരിക്കുന്ന അയത്നലളിത നടനത്തിന്റെ വിസ്മയ രസതന്ത്രങ്ങൾ തേടി.