ചൈനയിൽ സമീപകാലത്തായി പടർന്ന് പിടിക്കപ്പെടുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്ത എച്ച് എം പി വൈറസ് അഥവാ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ദിനം തന്നെ ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ടത് 6 കേസുകളാണ്. കൈക്കുഞ്ഞുങ്ങളിലാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത് എന്നതും, ഇവർക്ക് ആർക്കും തന്നെ വിദേശയാത്രാ പരിചയം ഇല്ല എന്നതും ഗൗരവമേറിയതും അതേ പോലെ തന്നെ കൗതുകകരവുമാണ്.
കർണാടകയിലെ യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഗുജറാത്തിൽ രണ്ട് മാസം പ്രായമുള്ള ഒരു കുട്ടിക്കും കൊൽക്കത്തയിൽ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കും ചെന്നൈയിലെ തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിൽ 2 കുട്ടികൾക്കുമാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്.
യെലഹങ്കയിൽ ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗം ബാധിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് വൈറസ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത്. ജനുവരി 3നാണ് ഇതേ ആശുപത്രിയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും രോഗം സ്ഥിരീകരിക്കുന്നത്. ഈ കുഞ്ഞിനും ബ്രോങ്കോ ന്യുമോണിയയുണ്ടായിരുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനകളിലാണ് രോഗബാധ തിരിച്ചറിഞ്ഞത്. രോഗത്തിന്റെ ഉറവിടം ഉൾപ്പെടെയുള്ളവയെ കുറിച്ച് നിലവിൽ ഐ സി എം ആർ പരിശോധനകൾ നടത്തി വരികയാണ്.
2001ൽ കണ്ടെത്തിയ വൈറസാണ് എച്ച് എം പി. അതായത്, നിലവിൽ കൊവിഡ് പോലെ പുതിയ വൈറസല്ല ഇത്. നമ്മുടെ രാജ്യത്ത് പലർക്കും ഈ രോഗബാധ വന്ന് പോയിരിക്കാം. രോഗത്തെ പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സംയുക്ത നിരീക്ഷണ സംഘവും യോഗം ചേർന്നിരുന്നു.
ന്യൂമോവിരിഡേ കുടുംബത്തിൽ പെട്ട മെറ്റാന്യൂമോ വര്‍ഗത്തില്‍പെട്ട വൈറസാണ് എച്ച് എം പി. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാംപിളുകള്‍ പഠിക്കുന്നതിനിടെ 2001ല്‍ ഡച്ച് ഗവേഷകരാണ് അവിചാരിതമായി ഇതിനെ ആദ്യമായി കണ്ടെത്തുന്നത്. നമ്മുടെ സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങളായ ചുമ, പനി, തുമ്മൽ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പ്രായമായവരിലും കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഇത് ചിലപ്പോൾ ബ്രോങ്കോ ന്യുമോണിയയിലേക്ക് കടക്കാം. ഇവിടെയാണ് ഇത് മാരകമായി മാറുന്നത്.
എച്ച് എം പി വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതുമാണ് പ്രതിരോധ രംഗം നേരിടുന്ന പ്രധാന വെല്ലുവിളികൾ. രോഗം വർധിക്കുന്നതിൽ കോവിഡാനന്തര ശാരീരിക അവസ്ഥയും അന്തരീക്ഷത്തിലെ ഈർപ്പവും പ്രധാന ഘടകങ്ങളാണ്.
നിലവിലെ വിലയിരുത്തൽ പ്രകാരം കൊവിഡിന് സമാനമായ, ലോക്ക്ഡൗൺ, അന്താരാഷ്ട്ര യാത്രാ നിയന്ത്രണം തുടങ്ങിയവ പോലെയുള്ള അവസ്ഥകളിലേക്ക് എച്ച് എം പി വൈറസ് ബാധ എത്തിച്ചേരാൻ സാദ്ധ്യത കുറവാണ്. എന്നിരുന്നാലും പ്രായമായവരും കുട്ടികളും പ്രതിരോധശേഷി കുറഞ്ഞവരും ഉൾപ്പെടെ ഹൈ റിസ്ക് വിഭാഗങ്ങളിൽ പെടുന്നവർ മുൻകരുതലുകൾ സ്വീകരിക്കുന്നത് അഭികാമ്യമാണ്. ആൾക്കൂട്ടങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കുക, പുറത്തിറങ്ങുമ്പോഴും രോഗങ്ങൾ ഉള്ളവരുമായി ഇടപഴകുമ്പോഴും മാസ്ക് ഉപയോഗിക്കുക, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക തുടങ്ങിയ ശീലങ്ങൾ ഇത്തരക്കാർക്ക് ഈ സാഹചര്യത്തിൽ എന്നല്ല, എപ്പോഴും നല്ലത് തന്നെയാണ്.