രാജ്യം ഉറ്റുനോക്കിയ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ, പ്രതിപക്ഷ മഹാസഖ്യത്തെ നിലംപരിശാക്കി ചരിത്ര വിജയത്തോടെ ഭരണത്തുടർച്ച നേടി ദേശീയ ജനാധിപത്യ സഖ്യം. ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും ഭരണത്തുടർച്ച പ്രവചിച്ചിരുന്നുവെങ്കിലും, അവയെ എല്ലാം കവച്ചു വെക്കുന്ന മുന്നേറ്റമാണ് എൻഡിഎ ബിഹാറിൽ നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയപ്പോൾ, മറുപക്ഷത്ത് കോൺഗ്രസ് ഏറ്റുവാങ്ങിയത് ദയനീയ പരാജയമായിരുന്നു.
243 അംഗ നിയമസഭയിൽ പരമാവധി 170 സീറ്റുകളാണ് എൻഡിഎയ്ക്ക് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. 160 ആയിരുന്നു അമിത് ഷായുടെ പോലും കണക്കുകൂട്ടൽ. എന്നാൽ, 200ൽ അധികം സീറ്റുകളാണ് ബിഹാർ ജനത ഭരണത്തുടർച്ചയ്ക്കായി നൽകിയിരിക്കുന്നത്. ഇതിൽ തന്നെ, 101 സീറ്റുകളിൽ മത്സരിച്ച് 89 ഇടങ്ങളിൽ വിജയിച്ച ബിജെപിയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. 2020ൽ നിന്നും നില മെച്ചപ്പെടുത്താൻ, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് സാധിച്ചതും എൻഡിഎയ്ക്ക് നേട്ടമായി. പ്രതിപക്ഷ സഖ്യം പരമാവധി നേടിയത് 35 സീറ്റുകൾ മാത്രമാണ്. അതിൽ കോൺഗ്രസ് ഏറെക്കുറെ വംശനാശം വന്ന അവസ്ഥയിലുമാണ്.
ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി രണ്ട് ദശാബ്ദമായി ഭരണം നടത്തുന്ന നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ പ്രതിപക്ഷം നടത്തിയ ശ്രമങ്ങൾ എല്ലാം തന്നെ പാളിപ്പോയി. രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ട് വന്ന ‘വോട്ട് ചോരി‘ പ്രചാരണം ഏറ്റെടുക്കാൻ മഹാസഖ്യത്തിലെ പാർട്ടികൾ ഒന്നും തന്നെ കാര്യമായ താത്പര്യം പ്രകടിപ്പിച്ചില്ല. സീറ്റ് വിഭജനം മുതൽ കോൺഗ്രസിനും ആർജെഡിക്കും ഇടയിൽ ഉണ്ടായ വിള്ളലുകളും പ്രതിപക്ഷത്തിന് തിരിച്ചടിയായി.
വിജയാഘോഷങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത് പോലെ, ബിഹാറിലേത് നാരീശക്തിയുടെ കൂടി വിജയമായിരുന്നു. തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ ശക്തമായ പ്രാതിനിധ്യം ഇതിന് തെളിവായിരുന്നു. ബിഹാർ പോലെ ഒരു സംസ്ഥാനത്ത് സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകാനുള്ള തീരുമാനം വൻ തോതിൽ വോട്ടായി മാറി. അടിസ്ഥാനതലം മുതൽ നടന്നുവന്ന സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായ സ്വാധീനം ചെലുത്തി.
അഴിമതി നിയന്ത്രിക്കാൻ സാധിച്ചതും, ജീവിത നിലവാരത്തിലും സാക്ഷരതയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമാനുഗതമായ പുരോഗതിയും, ക്രമസമാധാന പാലനത്തിൽ ഉണ്ടായ ഗണ്യമായ മുന്നേറ്റവും കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ ബിജെപിയുടെ സുശക്തമായ സംഘടനാ സംവിധാനങ്ങൾക്ക് സാധിച്ചു. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഫലങ്ങൾ മുൻനിർത്തി നടത്തിയ പ്രചാരണങ്ങളും ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഭരണനേട്ടങ്ങളും യുവാക്കൾക്കിടയിൽ പോലും ചർച്ചയാക്കാൻ ഭരണപക്ഷത്തിന് സാധിച്ചു.
മറുവശത്ത് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ ഉപരിപ്ലവമായി മാത്രം പ്രതിഫലിച്ചു. ഒത്തിണക്കമില്ലായ്മയും വിനയായി. മോദിക്കെതിരെ രാഹുൽ, നിതീഷിനെതിരെ തേജസ്വി എന്ന തരത്തിൽ ഉണ്ടായ താരതമ്യവും തിരിച്ചടിച്ചു. സാമുദായികമായി മുസ്ലീം- യാദവ വിഭാഗങ്ങളെ മാത്രം കേന്ദ്രീകരിച്ച് പ്രതിപക്ഷം നയങ്ങൾ രൂപീകരിച്ചപ്പോൾ, ഇതര വിഭാഗങ്ങളെ മുഴുവൻ ഒരേ പോലെ വിശ്വാസത്തിലെടുത്ത് ഒരുമിച്ച് നിർത്താൻ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ശ്രദ്ധ വെച്ച അമിത് ഷായുടെ സോഷ്യൽ എഞ്ചിനീയറിംഗും ഫലം കണ്ടു. പിന്നാക്ക സമുദായങ്ങൾക്കിടയിൽ ചിരാഗ് പസ്വാനും മഹാദളിത് വിഭാഗങ്ങൾക്കിടയിൽ ജിതൻ റാം മാഞ്ചിയും ചെലുത്തിയ സ്വാധീനവും എൻഡിഎയ്ക്ക് തുണയായി.

