രാജ്യം കാത്തിരുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ തൂത്തെറിഞ്ഞ് ചരിത്ര വിജയം നേടി ബിജെപി. 70 അംഗ നിയമസഭയിൽ നാൽപ്പത്തിയെട്ടോളം സീറ്റുകളുമായി ബിജെപി ഐതിഹാസിക വിജയം നേടിയപ്പോൾ, ഇരുപത്തിരണ്ടോളം സീറ്റുകളിൽ മാത്രമാണ് ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് മുന്നേറാൻ സാധിച്ചത്. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസ് പൂജ്യത്തിൽ ഒതുങ്ങിയപ്പോൾ, മറ്റുള്ളവർക്ക് ആർക്കും തന്നെ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല.
ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുന്നത്. 2014ലെ മോദി തരംഗത്തിന് ശേഷം നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടിക്ക് മുന്നിൽ തലസ്ഥാനത്ത് ബിജെപിക്ക് അടിപതറിയിരുന്നു. തലസ്ഥാനത്ത് അധികാരമില്ലാത്ത ഭരണകക്ഷി എന്ന ചീത്തപ്പേരിന് ഈ തിരഞ്ഞെടുപ്പോടെ പരിഹാരം കണ്ട ബിജെപിക്ക്, ഈ വിജയം ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്ത് പകരും.
അഴിമതിക്കും വിശ്വാസവഞ്ചനയ്ക്കും എതിരായ ജനവിധിയാണ് ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് എതിരെ ഉണ്ടായത് എന്ന് നിസ്സംശയം പറയാം. യുപിഎ സർക്കാരുകളുടെ അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ രാഷ്ട്രീയ ഗുണഭോക്താവായി ഡൽഹിയിൽ അധികാരം പിടിച്ച ആം ആദ്മി പാർട്ടി പിന്നീട് സ്വയം അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന കാഴ്ചയ്ക്കാണ് രാജ്യതലസ്ഥാനം സാക്ഷിയായത്. സൗജന്യങ്ങൾ നൽകിയാൽ ജനം അഴിമതിക്കെതിരെ കണ്ണടയ്ക്കുമെന്ന രാഷ്ട്രീയ സിദ്ധാന്തം ഡൽഹിയിൽ പരാജയപ്പെട്ടത് രാജ്യത്തെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വലിയ പാഠമാണ്.
അതേസമയം തുടർച്ചയായ മൂന്നാം തവണയും പൂജ്യത്തിലൊതുങ്ങി നാണക്കേടിന്റെ കൈലാസമാടിയ കോൺഗ്രസിന് തോൽവിക്കിടയിലും ആശ്വാസിക്കാൻ വകയുണ്ട്. മിക്കയിടങ്ങളിലും ആം ആദ്മി പാർട്ടിയുടെ പോക്കറ്റുകളിൽ വിള്ളൽ വീഴ്ത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്. കോൺഗ്രസ് പിടിച്ച 6.34 ശതമാനം വോട്ടുകൾ ആം ആദ്മി പാർട്ടിയുടെ പരാജയം ഉറപ്പാക്കുന്നതിൽ നിർണായകമായി.
ഇടതുപക്ഷവും ഡൽഹിയിലെ നാമമാത്രമായ സീറ്റുകളിലേക്ക് മത്സരിച്ചിരുന്നു. അതിദയനീയമായിരുന്നു അവരുടെ പ്രകടനം. നോട്ടയ്ക്ക് പോലും 0.57 ശതമാനം വോട്ടുകൾ കിട്ടിയപ്പോൾ സിപിഎമ്മിന്റെ വോട്ട് വിഹിതം 0.01 ശതമാനമായിരുന്നു. മത്സരിച്ച എല്ലാ സീറ്റുകളിലെയും വോട്ടുകൾ കൂട്ടിയാലും ആയിരം കടക്കാൻ സാധ്യതയില്ല. സിപിഐക്ക് കിട്ടിയതാകട്ടെ 0.02 ശതമാനം വോട്ടും.