ശബരിമല : 101 വയസ്സിലും ശബരിമല ദർശനത്തിന് വന്ന പാറുക്കുട്ടി അമ്മയെ തിരുവിതാംകൂർ ദേവസ്യം ബോർഡ് ആദരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ്
പി എസ് പ്രശാന്ത് പൊന്നാടയണിയിച്ചു.
കഴിഞ്ഞ മണ്ഡലകാലത്ത് നൂറു വയസ്സ് പിന്നിട്ടപ്പോഴാണ് കന്നി സ്വാമിയായി ശബരിമലയിൽ എത്തുന്നത്. 101ആം വയസ്സിൽ വീണ്ടും ദർശനം നടത്തിയതിന്റെ സന്തോഷത്തിലാണ് വയനാട് സ്വദേശിയായ പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴിയിലെ വീട്ടിൽ നിന്നും കെട്ടുനിറച്ച് , കൊച്ചുമകൻ ഗിരീഷ് കുമാർ, ഗിരീഷിന്റെ മക്കളായ അമൃതേഷ്, അവന്തിക എന്നിവർക്കൊപ്പമായിരുന്നു ഇത്തവണത്തെ ദർശനം.
ആരോഗ്യപ്രശ്നങ്ങൾ കാരണം പമ്പയിൽ നിന്നും ഡോളി വഴിയാണ് നടപ്പന്തൽ വരെ എത്തിയത്. സന്നിധാനത്തെ തിരക്കിൽ പതിനെട്ടാം പടി കയറുന്നതിനായി പാറുക്കുട്ടി അമ്മയ്ക്ക് ദേവസ്വം ബോർഡ് ജീവനക്കാരും പോലീസിന്റെ പ്രത്യേക സംഘവും സഹായമായി.