ന്യൂഡൽഹി : മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ, ഇന്ത്യയിലെ എൽപിജി പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണ്. പരിഭ്രാന്തി ഒഴിവാക്കാൻ സർക്കാർ ആവർത്തിച്ച് ജനങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും, ഗ്യാസ് ഏജൻസികൾക്കും വെയർഹൗസുകൾക്കും പുറത്ത് ആളുകളുടെ നീണ്ട നിരകളാണ് .
കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനും എതിരെ സർക്കാർ കർശന നടപടികളാണ് സ്വീകരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പോലീസും ഭരണകൂടവും നടപടിയെടുക്കുന്നുണ്ട് . അമിത വിലയ്ക്ക് സിലിണ്ടറുകൾ വിൽക്കുന്നവരെ അറസ്റ്റ് ചെയ്യുന്നു . ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇപ്പോൾ പഴയ വിറക് അടുപ്പിലേയ്ക്ക് മടങ്ങുകയാണ് . എൽപിജി സിലിണ്ടറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് . മുംബൈ മുതൽ ഉത്തർപ്രദേശ് വരെ എൽപിജി സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്.
മധ്യപ്രദേശിലെ ഭോപ്പാലിൽ അടച്ചുപൂട്ടിയ ഒരു ഗ്യാസ് ഏജൻസിയിൽ നിന്ന് 668 സിലിണ്ടറുകൾ കണ്ടെടുത്തു. രജിസ്റ്റർ ചെയ്യാത്ത 1,574 സിലിണ്ടറുകളും കണ്ടെടുത്തു. അടച്ചുപൂട്ടിയ ഗ്യാസ് ഏജൻസി ഉയർന്ന വിലയ്ക്ക് ആളുകൾക്ക് എൽപിജി സിലിണ്ടറുകൾ വിൽക്കുന്നുണ്ടെന്ന് സംശയങ്ങൾ ഉണ്ടായിരുന്നു.
മുംബൈയിലും എൽപിജി കരിഞ്ചന്തക്കാർക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്. മുംബൈയിലെ വോർലിയിൽ നടത്തിയ റെയ്ഡിൽ ഗാർഹിക, വാണിജ്യ സിലിണ്ടറുകൾ പിടിച്ചെടുത്തു. 5 കിലോ നിറച്ച 6 സിലിണ്ടറുകളും 58 ഒഴിഞ്ഞ സിലിണ്ടറുകളുമാണ് കണ്ടെടുത്തത്.. മുംബൈയിലെ എൽപിജി പ്രതിസന്ധി കാരണം പല വലിയ റെസ്റ്റോറന്റുകളും അടച്ചുപൂട്ടി.
ഛത്തീസ്ഗഡിൽ വിവിധ ജില്ലകളിലായി 102 സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി. ഈ റെയ്ഡിൽ 741 സിലിണ്ടറുകൾ പിടിച്ചെടുത്തു. റായ്പൂരിലാണ് ഏറ്റവും കൂടുതൽ സിലിണ്ടറുകൾ പിടിച്ചെടുത്തത്, 392 എണ്ണം.

