അഹമ്മദാബാദ്: പതിനേഴ് വർഷത്തെ കാത്തിരിപ്പിന് വിരാമം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവും വിരാട് കോഹ്ലിയും. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന വീറും വാശിയും നിറഞ്ഞ കന്നിക്കാരുടെ പോരാട്ടത്തിൽ, 6 റൺസിന് പഞ്ചാബ് കിംഗ്സിനെ വീഴ്ത്തിയാണ് ബംഗലൂരു കിരീടം ചൂടിയത്.
ടോസ് നേടിയ പഞ്ചാബ് ക്യാപ്ടൻ ശ്രേയസ് അയ്യർ ബംഗലൂരുവിനെ ബാറ്റിംഗിന് ക്ഷണിച്ചപ്പോൾ ബംഗലൂരു ആരാധകരുടെ നെഞ്ചിൽ വെള്ളിടി വെട്ടി. അഹമ്മദാബാദിൽ ടി20യിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ 219 ആണ്. ചേസിംഗ് അനായാസമായ ഈ വിക്കറ്റിൽ നിരവധി തവണ ടീമുകൾ 200ന് മുകളിൽ ചേസ് ചെയ്ത് വിജയിച്ച ചരിത്രമുണ്ട്. ഒരു ദിവസം മുൻപ് ഇതേ ഗ്രൗണ്ടിലായിരുന്നു മുംബൈ ഉയർത്തിയ 200ന് മുകളിലുള്ള വിജയലക്ഷ്യം ഒരോവർ അവശേഷിക്കെ മറികടന്ന പഞ്ചാബ് ഫൈനലിലേക്ക് രാജകീയമായി രംഗപ്രവേശം ചെയ്തത്. അന്ന് ലോകത്തിലെ പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ എന്ന ഖ്യാതിയുള്ള ബൂമ്ര ഉൾപ്പെടെയുള്ളവർ തല്ല് വാങ്ങി സലാം പറഞ്ഞ ഗ്രൗണ്ടിലേക്കാണ് ചരിത്ര നിയോഗവുമായി ഫിൽ സാൾട്ടും കോഹ്ലിയും പാഡണിഞ്ഞ് ഇറങ്ങിയത്.
അർഷ്ദീപ് സിംഗ് എറിഞ്ഞ ആദ്യ ഓവറിൽ 13 റൺസ് പിറന്നു. എന്നാൽ മികച്ച ഫോമിലുള്ള ഫിൽ സാൾട്ടിനെ അടുത്ത ഓവറിൽ മടക്കി ജേമിസൺ ബംഗലൂരുവിനെ ഞെട്ടിച്ചു. പിന്നാലെ വന്ന മായങ്ക് അഗർവാളിനെ കൂട്ടുപിടിച്ച് കോഹ്ലി ടീം സ്കോർ 50 കടത്തിയെങ്കിലും, പവർ പ്ലേക്ക് ശേഷമുള്ള ആദ്യ ഓവറിൽ 24 റൺസെടുത്ത മായങ്കിനെ ചാഹൽ മടക്കി. പിന്നീട് വന്ന ക്യാപ്ടൻ പാട്ടീദാറിനെ കൂട്ടുപിടിച്ച് കോഹ്ലി വീണ്ടും ക്ഷമയോടെ ഇന്നിംഗ്സ് കെട്ടിപ്പടുത്തു. പതിനൊന്നാം ഓവറിൽ സ്കോർ 96ൽ നിൽക്കെ 26 റൺസെടുത്ത പാട്ടീദാറിനെ ജേമിസൺ പുറത്താക്കി. തുടർന്ന് ലിവിംഗ്സ്ടണൊപ്പം റൺ നിരക്ക് താഴാതെ ബാറ്റ് വീശിയ കോഹ്ലി പതിനഞ്ചാം ഓവറിൽ 43 റൺസുമായി അസ്മത്തുള്ളയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
പിന്നാലെ 27 റൺസുമായി ലിവിംഗ്സ്ടണും മടങ്ങിയതോടെ, ഇടയ്ക്ക് ഒന്ന് ഉയർന്ന റൺ നിരക്ക് വീണ്ടും താഴേക്ക് പോയി. കൂറ്റൻ അടികളിലൂടെ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ 24 റൺസുമായി ജിതേഷ് ശർമ്മയും 17 റൺസുമായി ഷെപേർഡും വീണു. ഒടുവിൽ, പ്രതീക്ഷിത ടോട്ടലിനും ഏറെ പിന്നിൽ, 200 പോലും കടക്കാതെ, 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസിൽ ബംഗലൂരുവിന്റെ ഇന്നിംഗ്സ് അവസാനിച്ചു.
അവസാന പ്ലേ ഓഫിൽ മുംബൈക്ക് എതിരായ പ്രകടനം ആവർത്തിച്ച് അനായാസം കന്നിക്കിരീടം ഉയർത്താം എന്ന പ്രതീക്ഷയുമായി ഇറങ്ങിയ പഞ്ചാബ് ആദ്യ ഓവറിൽ തന്നെ നയം വ്യക്തമാക്കി. പരിചയസമ്പന്നനായ ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ 13 റൺസ് വന്നതോടെ പഞ്ചാബ് ആരാധകർ ആവേശത്തിലായി. അഞ്ചാമത്തെ ഓവറിലെ അവസാന പന്തിൽ 24 റൺസെടുത്ത പ്രിയാംശ് ആര്യ മടങ്ങി. ജോഷ് ഹെയ്സല്വുഡാണ് ബംഗലൂരുവിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. എന്നാൽ മികച്ച ഫോമിൽ തുടരുന്ന ജോഷ് ഇംഗ്ലിസ്, പ്രഭ്സിമ്രാൻ സിംഗിന് കൂട്ടായി എത്തിയതോടെ പഞ്ചാബ് സ്കോർ അതിവേഗം 50 കടന്നു.
ചേസിംഗിന്റെ സമ്മർദ്ദം ചെറിയ തോതിൽ അറിഞ്ഞ് തുടങ്ങിയ പ്രഭ്സിമ്രാനെ ഭുവനേശ്വർ കുമാർ പാണ്ഡ്യയുടെ കൈകളിൽ എത്തിച്ചതോടെ ബംഗലൂരു വീണ്ടും മത്സരത്തിലേക്ക് തിരികെ വന്നു. നേരിട്ട രണ്ടാം പന്തിൽ വെറും ഒരു റൺസെടുത്ത ക്യാപ്ടൻ ശ്രേയസ് അയ്യരെ റൊമാരിയോ ഷെപേർഡ് മടക്കിയതോടെ ബംഗലൂരു വിജയം മണത്തു. പിന്നീട് നിലയുറപ്പിക്കാൻ അവസരം നൽകാതെ, 39 റൺസെടുത്ത ഇംഗ്ലിസിനെ പാണ്ഡ്യ മടക്കി. പാണ്ഡ്യയും സുയാശ് ശർമ്മയും ചേർന്ന് ക്വാളിറ്റി സ്പിൻ ബൗളിംഗിലൂടെ നേഹൽ വധേരയെ പിടിച്ചു കെട്ടി. ഭുവനേശ്വർ കുമാർ എറിഞ്ഞ പതിനേഴാം ഓവർ മത്സരാന്ത്യത്തിൽ നിർണായകമായി. വധേരക്ക് പിന്നാലെ ആദ്യ പന്തിൽ സിക്സർ അടിച്ച സ്റ്റോയ്നിസിനെയും അതേ ഓവറിൽ ഭുവനേശ്വർ മടക്കി.
അസ്മത്തുള്ള ഒമർസായ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ഒരു റൺസെടുത്ത ഒമർസായിയെ യാഷ് ദയാൽ മടക്കി. ഹെയ്സല്വുഡ് എറിഞ്ഞ അവസാന ഓവറിൽ സിക്സറുകളും ബൗണ്ടറികളും പായിച്ച് ശശാങ്ക് സിംഗ് കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും ജയിക്കാൻ അത് മതിയാകുമായിരുന്നില്ല. 30 പന്തിൽ 61 റൺസുമായി കണ്ണീരോടെ ശശാങ്ക് മടങ്ങുമ്പോൾ, നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പച്ചപ്പിൽ മുഖമമർത്തി വിരാട് കോഹ്ലി കിടന്നു. പതിനേഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കരഗതമായ ഐപിഎൽ കിരീടം ഏറ്റുവാങ്ങുന്നതിന് മുന്നോടിയായി കോഹ്ലിയുടെ ആനന്ദാശ്രുക്കൾ ഗ്രൗണ്ടിൽ പതിഞ്ഞപ്പോൾ ആരാധകരും വികാരാധീനരായി. തന്റെ ടീമും കോഹ്ലിയും കപ്പടിക്കുന്നത് കാണാൻ ഗാലറിയിൽ എത്തിയ എ ബി ഡിവില്ലിയേഴ്സിനും അത് അവിസ്മരണീയമായ കാഴ്ചയായി.
സ്കോർ
റോയൽ ചലഞ്ചേഴ്സ് ബംഗലൂരു: 190-9 (20 ഓവറിൽ)
പഞ്ചാബ് കിംഗ്സ്: 184-7 (20 ഓവറിൽ)

