ദുബായ്: ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരുന്ന ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എ പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 242 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താനെ 49.4 ഓവറിൽ 241 റൺസിന് ഇന്ത്യ പുറത്താക്കി. 62 റൺസെടുത്ത സൗദ് ഷക്കീൽ ആണ് പാകിസ്താന്റെ ടോപ് സ്കോറർ.
ബാറ്റിംഗ് ദുഷ്കരമായ പിച്ച് പൂർണ്ണമായും പ്രതികൂലമാകുന്നതിന് മുൻപേ പരമാവധി റൺസ് സ്കോർ ചെയ്യുക എന്നതായിരുന്നു പാകിസ്താന്റെ ലക്ഷ്യം. ഇത് കണക്കിലെടുത്ത് കരുതലോടെയായിരുന്നു അവർ തുടക്കം മുതൽ ബാറ്റ് വീശിയത്. ഇന്ത്യൻ ബൗളർമാർ തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിക്കുകയും ചെയ്തു. എന്നാൽ ഇത് പൂർണ്ണമായും മുതലാക്കാൻ പാകിസ്താന് സാധിച്ചില്ല.
മികച്ച തുടക്കം മുതലാക്കാനാകാതെ ബാബർ അസമും പിന്നാലെ അനാവശ്യ റണ്ണിന് ശ്രമിച്ച് ഇമാം ഉൾ ഹഖും പുറത്തായതോടെ ഒത്തുചേർന്ന ക്യാപ്ടൻ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ഉത്തരവാദിത്ത ബോധത്തോടെ സ്കോർ ബോർഡ് ചലിപ്പിച്ചു. എന്നാൽ ബാറ്റ്സ്മാന്മാർക്ക് ഒരു പഴുതും നൽകാതെ ഇന്ത്യ ബൗളിംഗ് ആക്രമണം ശക്തമാക്കി. അതേസമയം ഫീൽഡർമാർ ക്യാച്ചുകൾ പാഴാക്കിയത് പാകിസ്താന് രക്ഷയായി.
46 റൺസെടുത്ത റിസ്വാനെ മുപ്പത്തിനാലാമത്തെ ഓവറിൽ അക്ഷർ പട്ടേൽ ക്ലീൻ ബൗൾഡ് ആക്കിയതോടെ, 104 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞു. പിന്നാലെ ഷക്കീലും വീണതോടെ കളിയുടെ നിയന്ത്രണം ഇന്ത്യ വീണ്ടും ഏറ്റെടുത്തു. 3 വിക്കറ്റെടുത്ത കുൽദീപ് യാദവും 2 വിക്കറ്റ് എടുത്ത ഹാർദിക് പാണ്ഡ്യയും മികച്ച രീതിയിൽ പന്തെറിഞ്ഞു. ഹർഷിത് റാണയും അക്ഷർ പട്ടേലും ഓരോ വിക്കറ്റുകളുമായി ഇരുവർക്കും ശക്തമായ പിന്തുണ നൽകിയതോടെ, പാകിസ്താന്റെ ഇന്നിംഗ്സ് 241 റൺസിൽ അവസാനിച്ചു. അവസാന നിമിഷം ഖുശ്ദിൽ ഷാ നടത്തിയ രക്ഷാപ്രവർത്തനമാണ് പാകിസ്താനെ 240 കടത്തിയത്.
സന്തുലിതമായ ബൗളിംഗ് നിരയുള്ള പാകിസ്താനെതിരെ കരുതലോടെയും ക്ഷമയോടെയും ബാറ്റ് ചെയ്താൽ ഇന്ത്യക്ക് അനായാസം മറികടക്കാവുന്ന ലക്ഷ്യമാണ് 242. എന്നാൽ അമിത ആത്മവിശ്വാസവും അമിത സമ്മർദ്ദവും വിനയായേക്കും. ഇതേ ഗ്രൗണ്ടിൽ ബംഗ്ലാദേശ് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ ഒരു ഘട്ടത്തിൽ പകച്ച ഇന്ത്യയെ രക്ഷപ്പെടുത്തിയത് ശുഭ്മാൻ ഗില്ലിന്റെ ഒറ്റയാൾ പോരാട്ടവും, കിട്ടിയ ലൈഫ് മുതലാക്കിയ രാഹുലിന്റെ മികച്ച പിന്തുണയുമായിരുന്നു.