ന്യൂഡൽഹി: 2025 ഐപിഎൽ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിനെ അക്ഷർ പട്ടേൽ നയിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 2019 മുതൽ ഡൽഹി ടീമിന്റെ ഭാഗമാണ് അക്ഷർ. ക്യാപ്ടന് പിന്നാലെ ഇപ്പോൾ വൈസ് ക്യാപ്ടനെയും പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി.
ഫാഫ് ഡുപ്ലെസി ആയിരിക്കും ഈ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ വൈസ് ക്യാപ്ടൻ. കഴിഞ്ഞ മൂന്ന് സീസണുകളിലും റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിനെ നയിച്ച അനുഭവസമ്പത്തുള്ള താരമാണ് ഡുപ്ലെസി. രണ്ട് സീസണുകളിൽ ആർസിബിയെ രണ്ടാം റൗണ്ടിൽ എത്തിക്കുന്നതിൽ ഡുപ്ലെസിയുടെ പങ്ക് നിർണായകമായിരുന്നു.
ഈ സീസണിലേക്കുള്ള മെഗാ താരലേലത്തിൽ ഡുപ്ലെസിയെ വിളിച്ച ഒരേയൊരു ടീം ഡൽഹിയാണ്. അടിസ്ഥാന വിലയായ 2 കോടിക്കാണ് താരത്തെ ക്യാപ്പിറ്റൽസ് സ്വന്തമാക്കിയത്. മുൻ ദക്ഷിണാഫ്രിക്കൻ താരമായ ഡുപ്ലെസിയുടെ സാന്നിധ്യം തങ്ങളുടെ നേതൃനിരക്ക് കൂടുതൽ കരുത്ത് പകരുമെന്ന് ഡൽഹി കണക്കുകൂട്ടുന്നു.
2025 സീസണിൽ ഡൽഹിയുടെ നേതൃസംഘത്തിൽ കെ എൽ രാഹുൽ ഉണ്ടായിരിക്കുകയില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. സമ്മർദ്ദമില്ലാതെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു എന്ന് ടീമിനെ അറിയിച്ചതിനെ തുടർന്നാണ് രാഹുലിനെ ക്യാപ്ടൻ, വൈസ് ക്യാപ്ടൻ പദവികളിൽ നിന്നും ഒഴിവാക്കാൻ ടീം തീരുമാനിച്ചത്.