പെർത്ത്: ഓപ്പണിംഗ് ബാറ്റ്സ്മാൻ യശസ്വി ജയ്സ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ പെർത്ത് ടെസ്റ്റിന്റെ മൂന്നാം ദിനം ചായക്ക് മുന്നേ രണ്ടാം ഇന്നിംഗ്സ് ലീഡ് 400 കടത്തി ഇന്ത്യ. ചായക്ക് പിരിയുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എടുത്ത ഇന്ത്യക്ക് നിലവിൽ 405 റൺസിന്റെ ലീഡാണ് ഉള്ളത്.
ആക്രമണവും പ്രതിരോധവും സമാസമം സമ്മേളിച്ച ജയ്സ്വാളിന്റെ ഇന്നിംഗ്സ് അക്ഷരാർത്ഥത്തിൽ ടെസ്റ്റിന്റെ ഗതി മാറ്റുന്നതായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 150 റൺസിനും ഓസ്ട്രേലിയ 104 റൺസിനും പുറത്തായ പെർത്തിലെ വിക്കറ്റിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് ബാറ്റ് വീശിയ ജയ്സ്വാളിന്, മുൻ നിരയും മദ്ധ്യനിരയും മികച്ച പിന്തുണ നൽകിയതോടെ ഓസീസ് ബൗളർമാർ കാഴ്ചക്കാരായി. ജയ്സ്വാൾ 161 റൺസും കെ എൽ രാഹുൽ 77 റൺസുമെടുത്തപ്പോൾ, ഓപ്പണിംഗ് വിക്കറ്റിൽ ഇന്ത്യ 201 റൺസ് അടിച്ചുകൂട്ടി. നിലവിൽ 40 പിന്നിട്ട വിരാട് കോഹ്ലിക്ക് കൂട്ടായി വാഷിംഗ്ടൺ സുന്ദറാണ് ക്രീസിൽ.
ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർക്ക്, ഹെയ്സല്‍വുഡ്, കമ്മിൻസ്, മിച്ചൽ മാർഷ്, നഥാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.