കട്ടക്ക്: രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ 4 വിക്കറ്റിന് തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദർശകർ 304 റൺസ് എന്ന മികച്ച ടോട്ടൽ പടുത്തുയർത്തിയപ്പോൾ, 44.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 308 റൺസ് നേടി. സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്ടൻ രോഹിത് ശർമ്മയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.
ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണർ ബെൻ ഡക്കറ്റ് 56 പന്തിൽ 65 റൺസും ജോ റൂട്ട് 69 റൺസും നേടി. ലിയാം ലിവിംഗ്സ്ടൺ 32 പന്തിൽ 41 റൺസെടുത്തു. മുൻ നിര മികച്ച തുടക്കവും മദ്ധ്യനിര ശരാശരി മികവും പുലർത്തിയപ്പോൾ, ലോവർ മിഡിൽ ഓർഡറിന് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്തതാണ് ഇംഗ്ലണ്ടിനെ വമ്പൻ സ്കോറിൽ നിന്നും പിന്നോട്ടടിച്ചത്. അവസാന ഓവറിലെ അഞ്ചാം പന്തിൽ അവർ ഓൾ ഔട്ട് ആകുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 3 വിക്കറ്റെടുത്തു. മൂന്ന് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ റൺ ഔട്ടായി.
മറുപടി ബാറ്റിംഗിൽ രണ്ടും കൽപ്പിച്ച് ഇറങ്ങിയ ഹിറ്റ്മാനും ശുഭ്മാൻ ഗില്ലും തകർത്തടിച്ചപ്പോൾ ഉജ്ജ്വലമായ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. പതിനേഴാമത്തെ ഓവറിലെ നാലാം പന്തിൽ, 60 റൺസുമായി ഗിൽ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 136 റൺസിൽ എത്തിയിരുന്നു. തുടർന്ന് വന്ന കോഹ്ലി 5 റൺസുമായി വേഗം മടങ്ങിയെങ്കിലും, പിന്നാലെ വന്ന ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് ശർമ്മ ഇംഗ്ലീഷ് ബൗളർമാരെ കശാപ്പ് ചെയ്യുന്നത് തുടർന്നു. 90 പന്തിൽ 12 ബൗണ്ടറികളും 7 സിക്സറുകളും സഹിതം 119 റൺസെടുത്താണ് ഇന്ത്യൻ ക്യാപ്ടൻ ക്രീസ് വിട്ടത്.
അയ്യർ 44 റൺസെടുത്തു. ആദ്യ മത്സരത്തിലെ ഫോം കട്ടക്കിലും ആവർത്തിച്ച അക്ഷർ പട്ടേൽ 41 റൺസുമായും ജഡേജ 11 റൺസുമായും പുറത്താകാതെ നിന്നതോടെ, ഇന്ത്യ അനായാസ ജയവും ഒപ്പം പരമ്പര നേട്ടവും സ്വന്തമാക്കി. ഇംഗ്ലണ്ടിന് വേണ്ടി ജേമി ഓവേർട്ടൺ 2 വിക്കറ്റ് വീഴ്ത്തി.
ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് ക്യാപ്ടൻ രോഹിത് ശർമ്മ ഫോമിലേക്ക് എത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുവെങ്കിലും, വിരാട് കോഹ്ലിയും രാഹുലും മോശം പ്രകടനം തുടരുന്നത് ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.