ദുബായ്: ടി20 ലോകകപ്പിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പോകില്ലെന്ന നിലപാട് എടുത്ത ബംഗ്ലാദേശിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് സൂചന . ആഗോള ക്രിക്കറ്റ് ബോഡിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ബംഗ്ലാദേശ് അവഗണിച്ചതിനെത്തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വിലക്ക് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ .
24 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കണമെന്ന ഐസിസിയുടെ അന്ത്യശാസനം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) നിരസിച്ചു. ഇന്ത്യയിൽ മത്സരങ്ങൾ കളിക്കില്ലെന്ന് നിർബന്ധം പിടിച്ച ബിസിബിയുടെ രീതി ഐസിസി ശക്തമായ അച്ചടക്ക നടപടികളിലേക്ക് നീങ്ങുമെന്ന അഭ്യൂഹങ്ങൾക്ക് കാരണമായി.
മാത്രമല്ല ബംഗ്ലാദേശ് വിഷയത്തിൽ ചർച്ച നടത്താൻ ഐസിസി ചെയർമാൻ ജയ് ഷാ ദുബായിൽ എത്തിയിട്ടുണ്ട് . ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും സർക്കാരും സംയുക്തമായി എടുത്ത നിലപാടാണിത് . കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുൾ എല്ലാ കളിക്കാരുമായും കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തത് . ബംഗ്ലാദേശ് ഉന്നയിച്ച സുരക്ഷാ ആശങ്കകൾ യഥാർത്ഥമാണെന്നും ഐസിസി നീതി ഉറപ്പാക്കുമെന്ന് ബോർഡ് ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്നും നസ്രുൾ പറഞ്ഞു.
. വേദി മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി നിരസിച്ചതിനുശേഷം, ബിസിബി ഐസിസിയുടെ സ്വതന്ത്ര തർക്ക പരിഹാര സമിതിയെ (ഡിആർസി) സമീപിച്ചിരുന്നു . തങ്ങളുടെ കളിക്കാർ, ആരാധകർ, മാധ്യമ പ്രവർത്തകർ എന്നിവർ ഇന്ത്യയിൽ സുരക്ഷിതരല്ലെന്ന് ബോർഡ് അറിയിച്ചു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. സംഭവങ്ങൾ തുടർന്നതോടെ, ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കി.
താമസിയാതെ, ബംഗ്ലാദേശ് സർക്കാർ രാജ്യത്ത് ഐപിഎൽ സംപ്രേഷണം നിരോധിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിലെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. എന്നിരുന്നാലും, ഐസിസി ഈ അഭ്യർത്ഥന നിരസിച്ചു. അതേസമയം, ക്രിക്കറ്റിന്റെ പേരിൽ ഇന്ത്യയുമായി അനാവശ്യ തർക്കങ്ങൾ സൃഷ്ടിക്കുന്നത് ബംഗ്ലാദേശ് ക്രിക്കറ്റിന് ദോഷകരമാകുമെന്ന് മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ തമീം ഇഖ്ബാൽ മുന്നറിയിപ്പ് നൽകി.

