കൊച്ചി: 20 വർഷങ്ങൾക്ക് ശേഷം ഉദയഭാനുവും സരോജ് കുമാറും പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നു. മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻവിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം’. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി.കരുണാകരനാണ് നിർമ്മിച്ചത്.
മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ ഉദയനാണ് താരം മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയും സരോജ് കുമാർ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയെ വളരെ മികച്ച രീതിയിലായിരുന്നു നവാഗതനായ റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ചത്.
ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ സിനിമ 20 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഫെബ്രുവരിയിൽ ചിത്രം 4K ദൃശ്യ മികവോടെ തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ദീപക് ദേവിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ “കരളേ, കരളിന്റെ കരളേ” എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മികച്ച നവാഗത സംവിധായകന്, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങളുമായി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രവുമാണ് ഉദയനാണ് താരം.
മോഹൻലാലിൻ്റെ സിനിമകളായ സ്ഫടികവും, മണിച്ചിത്രത്താഴും, ദേവദൂതനും നേരത്തെ റീ റിലീസ് ചെയ്ത് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണങ്ങളും കളക്ഷനും നേടിയിരുന്നു. റീ റിലീസായെത്തിയ ചിത്രങ്ങൾ നേടുന്ന വിജയം കൂടുതൽ ക്ളാസ്സിക് ചിത്രങ്ങളെ വീണ്ടും തീയേറ്ററുകളിൽ എത്തിക്കാൻ പ്രചോദനമാകുന്നു എന്ന് നിർമാതാവ് സി.കരുണാകരൻ പറയുന്നു.
ശ്രീനിവാസൻ ആണ് ഉദയനാണ് താരത്തിന്റെ തിരക്കഥ. മോഹൻലാലിനും ശ്രീനിവാസനും പുറമേ മീന, മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ഗാനരചന കൈതപ്രം നിര്വഹിച്ചപ്പോള് പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. എ. കെ സുനിലിൻ്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്. രഞ്ജൻ എബ്രഹമായിരുന്നു എഡിറ്റിംഗ്. പി.ആർ.ഓ പി.ശിവപ്രസാദ്.