മാസ് ആക്ഷൻ ഹീറോ യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ടോക്സിക്. യാഷിന് പുറമേ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗീതു മോഹൻദാസിന്റെ കഥയ്ക്ക്, ഗീതുവും യാഷും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എൽ എൽ പി, കെ വി എൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ യാഷ്, വെങ്കട്ട് കെ നാരായണ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം രാജീവ് രവിയും എഡിറ്റിംഗ് ഉജ്ജ്വൽ കുൽക്കർണിയും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് വിശാൽ മിശ്ര, രവി ബാസ്രൂർ, തനിഷ്ക് ബാഗ്ചി, ഫഹീം അബ്ദുള്ള, ആർസ്ലൻ നിസാമി എന്നിവരാണ്. രവി ബാസ്രുറിന്റേതാണ് ഒറിജിനൽ സ്കോർ.
ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, അത്യന്തം ടോക്സിക് ആയ ഒരു ഡോണിന്റെ പിറവിയും ഉയർച്ച താഴ്ചകളും ജീവിതസന്ധികളും അനിവാര്യമായ പതനവുമാണ് ചിത്രത്തിന്റെ പ്രമേയം. യാഷ് അവതരിപ്പിക്കുന്ന രായ എന്ന കഥാപാത്രത്തിന്റെയും അയാൾക്ക് ചുറ്റും വന്ന് പോകുന്ന നിരവധി കഥാപാത്രങ്ങളുടെയും ഗതിവിഗതികൾ മാസ് എലമെന്റ്സ് ചേർത്ത് ഒരു പരിധി വരെ റിയലിസ്റ്റിക് ആയും സമാന്തരമായി കാൽപ്പനികമായും അവതരിപ്പിക്കാനുള്ള ശ്രമമാണ് സംവിധായിക നടത്തിയിരിക്കുന്നത്. മെയിൽ ഈഗോ പ്രമേയമായി വരുന്ന ശരാശരി ഇന്ത്യൻ ഗ്യാംഗ്സ്റ്റർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ശൈലിയിൽ ഒരുക്കിയിരിക്കുന്ന ടോക്സിക്കിന്റെ ബജറ്റ് 500 കോടിക്കും 1000 കോടിക്കും ഇടയിലാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വരുന്നവരും പോകുന്നവരുമെല്ലാം മരിച്ചു വീഴുന്ന കഥാഗതിയിൽ, പല ഗെറ്റപ്പുകളും മാനറിസങ്ങളും ഉള്ള കഥാപാത്രമായി അസാധ്യമായ പ്രകടനമാണ് യാഷ് കാഴ്ചവെച്ചിരിക്കുന്നത്. കെ ജി എഫിനേക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന പ്രകടനം എന്ന് വേണമെങ്കിൽ പറയാം. അജയ്യനായ മാസ് ഹീറോ എന്നതിലുപരിയായി, ധാരാളം ഷേഡുകളുള്ള, പലപ്പോഴും വിധിക്ക് മുന്നിൽ നിസ്സഹായനായി പോകുന്ന രായയായി യാഷിന്റെ പകർന്നാട്ടം ഗംഭീരമാണ്. സൂപ്പർ ഹീറോ പരിവേഷങ്ങളിൽ തളച്ചിടാതെ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ യാഷിന് നൽകാൻ സംവിധായകർ ശ്രമിച്ചാൽ, സ്ക്രീനിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിക്കും. സ്വാഗ് കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും രൂപം കൊണ്ടും ആക്ഷൻ രംഗങ്ങളിലെ അനായാസത കൊണ്ടും യാഷ് പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുന്നുണ്ട്.
മറ്റ് അഭിനേതാക്കളിൽ കിയാര അദ്വാനിയുടെയും രുക്മിണി വസന്തിന്റെയും പ്രകടനങ്ങൾ ശ്രദ്ധേയമാണ്. ആദ്യാവസാനം വരുന്ന കഥാപാത്രമായി സുദേവ് നായരും ചിത്രത്തിലുണ്ട്. സാങ്കേതികമായി ശരാശരി നിലവാരം പുലർത്തിയ ചിത്രത്തിലെ ഫ്രെയിമുകൾക്ക് ടിപ്പിക്കൽ രാജീവ് രവി ക്വാളിറ്റിയുണ്ട്. ചില ഇടങ്ങളിൽ പാളിയ വിഷ്വൽ ഇഫക്ട്സ്, മറ്റ് ചില സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് സംഘട്ടന രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു. 1920കളിലെ പോർച്ചുഗീസ് ഗോവ മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടങ്ങൾ കാണിക്കുന്ന ആർട്ട് വർക്കും ചില ഇടങ്ങളിൽ പാളുമ്പോൾ ചില രംഗങ്ങളിൽ നിലവാരം വീണ്ടെടുക്കുന്നു.
ചിത്രത്തിന് ലഭിക്കുന്ന വിമർശനങ്ങളിൽ പ്രധാനം, കഥാ സന്ദർഭങ്ങൾ പലപ്പോഴും മനസ്സിലാകുന്നില്ല എന്നതാണ്. ഗീതുവിന്റെ മുൻ ചിത്രമായ മൂത്തോനും ഈ വിമർശനം കേട്ടിരുന്നു. നോൺ ലീനിയർ കഥ പറച്ചിൽ രീതിയും, സംഭവവികാസങ്ങൾ സങ്കീർണമായി അവതരിപ്പിക്കുക എന്നതും സംവിധായികയുടെ തനത് ശൈലിയാണ്. നിങ്ങൾക്ക് അത് മനസ്സിലാകുന്നില്ല എന്നത് സിനിമയുടെ കുറ്റമായി ആരോപിക്കുന്നത് ശരിയല്ല. അടുത്ത വിമർശനം ഡബ്ബിംഗ് നിലവാരം കുറഞ്ഞതാണ് എന്നതാണ്. മലയാളം പതിപ്പിന്റെ കാര്യത്തിൽ ഇത് ഏറെക്കുറെ ന്യായമായ വിമർശനമാണ്. എന്നാൽ കന്നഡ ഒറിജിനൽ, ഹിന്ദി, തമിഴ് പതിപ്പുകൾക്ക് കാര്യമായ പോരായ്മകൾ ഇല്ല എന്ന് തന്നെ പറയാം.
ടോക്സിക് സംസാരിക്കുന്ന രാഷ്ട്രീയവും വിമർശിക്കപ്പെടുന്നതിൽ തെറ്റ് പറയാൻ സാധിക്കില്ല. സിനിമകളിൽ സ്ത്രീ ശരീരത്തിന്റെ വാണിജ്യവത്കരണത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കുകയും പലപ്പോഴും അത് എൻഡോഴ്സ് ചെയ്യുകയും ചെയ്തിട്ടുള്ള ഗീതു മോഹൻദാസ്, തന്റെ നിലപാടുകൾക്ക് കടകവിരുദ്ധമായ സമീപനമാണ് ടോക്സിക്കിൽ സ്വീകരിച്ചിരിക്കുന്നത്. പലപ്പോഴും സ്ത്രീ കഥാപാത്രങ്ങളുടെ മുഖത്തിന് പകരം മറ്റ അവയവങ്ങളാണ് സ്ക്രീനിൽ പ്രൊജക്ട് ചെയ്യപ്പെടുന്നത്. എന്നാൽ അത് കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെയാണെന്നും, ആ രംഗങ്ങൾ അത്തരം ട്രീറ്റ്മെന്റ് അർഹിക്കുന്നുവെന്നും വേണമെങ്കിൽ ഗീതുവിന് സ്റ്റാൻഡ് എടുക്കാം. അങ്ങനെ വരുമ്പോൾ, ഇതിന് മുൻപ് ഇതേ കാരണത്തിന്റെ പേരിൽ ഇവർ വിമർശനം ഉന്നയിച്ച സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും നടീനടന്മാരുടെയും സ്ഥാനത്ത് നിന്ന് ചിന്തിക്കാൻ ഗീതുവിന് കഴിയും എന്ന് കൂടി പ്രത്യാശിക്കാം. കുറച്ച് കൂടി ലഘൂകരിച്ച് പറഞ്ഞാൽ, അസാന്മാർഗിയായ ഒരു കഥാപാത്രത്തെ സിനിമയിൽ കാണിക്കുമ്പോൾ അയാൾ എങ്ങനെയാണോ എഴുതപ്പെട്ടിരിക്കുന്നത്, അതേ പോലെ തന്നെ ചിത്രീകരിക്കേണ്ടി വരും. കഥാസന്ദർഭം ആവശ്യപ്പെടുന്നത് കഥാപാത്രങ്ങളെ കൊണ്ട് ചെയ്യിക്കുക എന്നതാണല്ലോ സംവിധായകരുടെ കടമ..! അവിടെ സ്യൂഡോഫെമിനിസവും പൊള്ളയായ രാഷ്ട്രീയവും കുത്തി തിരുകുന്നത് സിനിമാ മേഖലയ്ക്ക് എന്നല്ല, ഒരു കലാരൂപത്തിനും ഭൂഷണമല്ല. കീചകൻ സൈരന്ധ്രിയെ കടന്നു പിടിക്കുന്നു എന്ന് തിരക്കഥയിൽ എഴുതി വെച്ചിട്ട്, കീചകൻ സൈരന്ധ്രിയെ തൊട്ടിലിൽ കിടത്തി താരാട്ട് പാടുകയോ, പാദപൂജ ചെയ്യുകയോ ചെയ്യുന്നത് ചിത്രീകരിക്കാൻ സാധിക്കില്ലല്ലോ..?
അറിവില്ലായ്മയും രാഷ്ട്രീയ വിദ്വേഷവും കൊണ്ട് പരിപൂർണ്ണമായും അടച്ചാക്ഷേപിച്ച് തള്ളിക്കളയേണ്ട ഒരി സിനിമയല്ല തീർച്ചയായും ടോക്സിക്. മൂന്നേകാൽ മണികൂറിനടുത്ത് ദൈർഘ്യമുള്ള ചിത്രത്തിൽ, അനുമോദനം അർഹിക്കുന്ന പ്രകടനങ്ങളും രംഗങ്ങളും ധാരാളം ഉണ്ട്. വയലൻസിന്റെയും ലൈംഗികതയുടെയും അതിപ്രസരം ഉണ്ടെങ്കിലും, ധുരന്ധറും ആനിമലും മാർക്കോയും കണ്ട് കൈയ്യടിച്ച പ്രേക്ഷകർക്ക് മുന്നിലേക്ക് ന്യായമായും കടന്ന് വരാനുള്ള അർഹത ടോക്സിക്കിനുണ്ട്. മുൻധാരണകൾ മാറ്റിവെച്ച് കണ്ടാൽ, ഇല്ലാത്തൂന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്ത് ഒട്ട് എത്തിയതും ഇല്ല എന്ന തരത്തിൽ, ഒരു വൺ ടൈം വാച്ചബിൾ അനുഭവം നൽകുന്ന ചിത്രം തന്നെയാണ് ടോക്സിക്.

