ഹൈദരാബാദ് : നടന് അല്ലു അര്‍ജുന്റെ വീടിന് നേരെ കല്ലെറിഞ്ഞ് ഒസ്മാനിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍. യൂണിവേഴ്സിറ്റിയില്‍ രൂപീകരിച്ച സംയുക്ത ആക്ഷന്‍ സമിതി അംഗങ്ങളാണ് കല്ലെറിഞ്ഞത്. ഇതില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . വീടിന്റെ മതില്‍ക്കെട്ടിനകത്ത് വെച്ച ചെടിച്ചെട്ടികള്‍ സമരക്കാര്‍ നശിപ്പിച്ചിട്ടുണ്ട്. പ്രകടനക്കാര്‍ അക്രമാസക്തരാകുമ്പോള്‍ അല്ലു അര്ജുന് വീട്ടില്‍ ഇല്ലായിരുന്നു.
നേരത്തെ പുഷ്പ 2 സിനിമയുടെ റിലീസിനിടെ തീയേറ്ററില്‍ ഉണ്ടായ ഉന്തിലും തള്ളിലും പെട്ട് 36 കാരിയായ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്ക് ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ സംയുക്ത ആക്ഷന്‍ സമിതി അംഗങ്ങള്‍ അല്ലു അര്‍ജുന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അര്ജുന് തിയറ്ററിലേക്ക് എത്തിയതാണ് ഉന്തും തള്ളും തിരക്കും ഉണ്ടാകാനും സ്ത്രീ മരിക്കാനും കാരണമായെതെന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയാണ് ആളുകളെ പ്രകോപിപ്പിക്കുന്നത് .ഈ വ്യാജ സിനിമാ താരത്തെ റോള്‍ മോഡല്‍ ആക്കരുതെന്നും ഇവരെപ്പോലുള്ളവരെ ന്യായീകരിച്ച് നിങ്ങളുടെ വിലപ്പെട്ട സമയം കളയരുതെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞതും കൂടുതല്‍ പ്രകോപനം സൃഷ്ടിച്ചു.
ഡിസംബര്‍ നാലിന് പുഷ്പ 2 റിലീസ് ദിനത്തില്‍ അല്ലു അര്ജുന് തിയറ്റര്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ ദിവസമാണ് തിക്കിലും തിരക്കിലും പെട്ട് 36കാരിയായ യുവതി മരണപ്പെട്ടത് . ഇതേ തുടര്‍ന്നാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. അതേ ദിവസം തന്നെ അല്ലു അര്ജുന് ഹൈക്കോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ഈ കേസില്‍ 11ാം പ്രതിയാണ് അല്ലു അര്ജുന്.