ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ നാളെ തിയേറ്ററുകളിൽ. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത് . മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത് .മലയാളത്തിലെ ഏറ്റവും വയലൻസ് ചിത്രം എന്ന വിശേഷത്തോടെയാണ് ചിത്രം എത്തുന്നത് .ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആയിരുന്നു സെൻസർ ബോർഡ് മാർക്കോയ്ക്ക് നൽകിയത്.
റിലീസിനു മുൻപ് തന്നെ ഓൺലൈൻ ബുക്കിംഗിൽ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത് . മിക്ക തിയേറ്ററുകളിലും ആദ്യ ഷോ ഹൗസ് ഫുൾ ആയി കഴിഞ്ഞു.രണ്ടു മണിക്കൂർ ഇരുപത്തിയഞ്ച് മിനിറ്റ് ആണ് മാർക്കോയുടെ ദൈർഘ്യം. ഉണ്ണി മുകുന്ദന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയാണ് ‘മാർക്കോ’.
‘മാർക്കോ’യുടെ നിർമാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമാതാവ് എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് തന്നെയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പ്രശസ്ത ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂരാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത് തുടങ്ങിയവരും ചിത്രത്തിലുണ്ട്.