തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്തായ ആന്റണി തട്ടിലാണ് വരനെന്നാണ് സൂചന . ഇരുവരും ദീർഘകാലമായി അടുപ്പത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു . എറണാകുളം സ്വദേശിയാണ് ആന്റണി. നിർമാതാവ് ജി. സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി. അതേസമയം മാതാപിതാക്കൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല .
അടുത്തമാസം ഗോവയിൽ വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ . ബി.ടെക് ബിരുദധാരിയായ ആന്റണി നിലവിൽ ബിസിനസ് ചെയ്യുകയാണ്. താൻ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ കീർത്തി നൽകിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിൾ ആണെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നായിരുന്നു കീർത്തിയുടെ മറുപടി.
പ്രിയദർശൻ ചിത്രമായ ’ഗീതാഞ്ജലി’യിലൂടെ ആയിരുന്നു നായികയായി എത്തിയത്. മലയാളത്തിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ തമിഴിലേയ്ക്കും , തെലുങ്കിലേയ്ക്കും ചുവട് വച്ചു . തെലുങ്കിൽ പുറത്തിറങ്ങിയ ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി. ‘കൽക്കി’ എന്ന ചിത്രത്തിൽ ‘ബുജി’യുടെ ശബ്ദമായും കീർത്തി എത്തി. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ് താരം. അതിനിടയിലാണ് വിവാഹവാർത്തകൾ പുറത്ത് വന്നത് .