ബംഗലൂരു: കന്നഡ നടി ശോഭിത ശിവണ്ണയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗച്ചിബൗളിയിലെ കൊന്ദാപൂരിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ്, മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഗാന്ധി ഹോസ്പിറ്റലിൽ എത്തിച്ചു.
ഹാസനിലെ സകലേഷ്പൂർ സ്വദേശിനിയായ ശോഭിത, എറടൊണ്ടാല മൂറു, എടിഎം, ഒൻഡു കതേ ഹേളുവാ, ജാക്ക്പോട്ട്, അപാർട്ട്മെന്റ് ടു മർഡർ, വന്ദന തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വിവാഹിതയായ ശേഷം ഹൈദരാബാദിലായിരുന്നു താമസം.
വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്ത ശോഭിത സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമായിരുന്നു. ശനിയാഴ്ച രാത്രിയായിരിക്കം മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് മണിക്കൂറുകൾക്ക് മുൻപും അവർ സാമൂഹിക മാദ്ധ്യമങ്ങളിൽ സംവദിച്ചിരുന്നു എന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമാ സീരിയൽ രംഗത്തെ നിരവധി പേർ ശോഭിതയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.