തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. മേഘ ഗർഭഛിദ്രം നടത്തിയതടക്കമുള്ള തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് പേട്ട പോലീസ് കേസെടുത്തത്. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. യുവതിയെ കൊച്ചിയിലും ചെന്നൈയിലും എത്തിച്ചതിനും തെളിവുകൾ ലഭിച്ചു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിൻ്റെ തെളിവുകൾ കഴിഞ്ഞ ദിവസം വീട്ടുകാർ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. ഗർഭഛിദ്രം നടത്തിയതിന്റെയും, ആശുപത്രിയിൽ ചികിത്സ തേടിയതിൻ്റെയും രേഖകൾ ഉദ്യോഗസ്ഥർക്ക് കൈമാറി.
സുകാന്ത് തന്റെ മകളെ സാമ്പത്തികമായി ചൂഷണം ചെയ്തെന്ന് മേഘയുടെ പിതാവും ആരോപിച്ചിരുന്നു. കഴിഞ്ഞ എട്ട് മാസമായി മേഘയുടെ മുഴുവൻ ശമ്ബളവും സുകാന്ത് തട്ടിയെടുത്തതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു . ഇതുമായി ബന്ധപ്പെട്ട് ഐബി, എഡിജിപി, പേട്ട പൊലീസ്, കൂടൽ പൊലീസ് എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
അതിനിടെ, മുൻകൂർ ജാമ്യം തേടി സുകാന്ത് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒളിവിൽ നിന്നാണ് സുകാന്തിൻ്റെ ജാമ്യാപേക്ഷ. കേസിൽ താൻ നിരപരാധിയാണെന്നും മരണത്തിൽ തനിക്ക് പങ്കില്ലെന്നും ജാമ്യാപേക്ഷയിൽ സുകാന്ത് പറഞ്ഞു. താൻ ഒരിക്കലും മേഘയോട് മോശമായി പെരുമാറിയിട്ടില്ലെന്നായിരുന്നു സുകാന്തിന്റെ വാദം .