ജാംനഗർ: ഗുജറാത്തിലെ ജാംനഗറിൽ ജാഗ്വാർ യുദ്ധവിമാന അപകടത്തിൽ കൊല്ലപ്പെട്ട ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവിന് പൂർണ്ണ സൈനിക ബഹുമതികളോടെ വിട. ബുധനാഴ്ച രാത്രിയാണ് ഗുജറാത്തിലെ ജാംനഗറിന് സമീപം ജാഗ്വാർ യുദ്ധവിമാനം തകർന്ന് റെവാരി സ്വദേശിയായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവ് മരിച്ചത്. ജാംനഗർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടം.
അന്ത്യകർമ്മങ്ങൾക്ക് മുൻപ് വീട്ടിൽ വൈകാരിക രംഗങ്ങളാണുണ്ടായത് . 28 കാരനായ സിദ്ധാർത്ഥിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ 11-ാം ദിവസമായിരുന്നു സംഭവം. പ്രണയിനി സോണിയ യാദവ് സിദ്ധാർത്ഥിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നത് എല്ലാവരുടെയും കണ്ണ് നനയിച്ചു.നവംബർ 2 നാണ് ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത് .
ഹരിയാനയിലെ മജ്ര ഭൽഖിയിലുള്ള സിദ്ധാർത്ഥിന്റെ ജന്മഗ്രാമത്തിലാണ് സംസ്ക്കാരകർമ്മങ്ങൾ നടത്തിയത്. ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടവരും , ഗ്രാമവാസികളും അന്തിമോപചാരം അർപ്പിച്ചു.

