കൊച്ചി: മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലെ ‘ഇസബെലാ..‘ എന്ന ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ രചനയിൽ യുവ സംഗീത സംവിധായകൻ ലിഡിയൻ നാദസ്വരം ഒരുക്കിയ മനോഹരമായ ഭാവഗീതം മോഹൻലാൽ തന്നെയാണ് ആലപിച്ചിരിക്കുന്നത്. നിരവധി വിദേശ കലാകാരന്മാർ ചേർന്ന് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്ന ഗാനം സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
പ്രേക്ഷകർക്ക് ക്രിസ്മസ് സമ്മാനമായി ഡിസംബർ 25-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയിരിക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ബറോസിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് കലവൂർ രവികുമാറാണ്. സന്തോഷ് ശിവൻ ഛായാഗ്രഹണവും ബി അജിത് കുമാർ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. മാർക്ക് കിലിയനാണ് ചിത്രത്തിന്റെ സ്കോർ ചെയ്തിരിക്കുന്നത്.
ഡ ഗാമയുടെ നിധിക്ക് 400 വർഷമായി കാവൽ നിൽക്കുന്ന ബറോസ് എന്ന ഫാന്റസി കഥാപാത്രത്തെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്. വിദേശ താരങ്ങളുടെ ഒരു വലിയ നിര തന്നെ അണിനിരന്നിട്ടുള്ള ബറോസിന്റെ റിലീസിനായി ആകംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.