തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രമായ എമ്പുരാനിൽ നിന്ന് വിവാദമായ 24 രംഗങ്ങൾക്ക് മാറ്റം വരുത്താൻ തീരുമാനം.ചിത്രത്തിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കാട്ടുന്ന രംഗങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്.
മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന രംഗവും നീക്കം ചെയ്തു . അതേസമയം എഡിറ്റ് ചെയ്ത പുതിയ പതിപ്പിൽ താങ്ക്സ് കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി.
പ്രധാന വില്ലനും മറ്റൊരു വില്ലൻ കഥാപാത്രവും തമ്മിലുള്ള സംഭാഷണം നീക്കം ചെയ്തു. എൻഐഎ പരാമർശിക്കുന്ന രംഗങ്ങളും ഒഴിവാക്കി.വൻ പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും ഉയർന്നതോടെയാണ് ചിത്രം റീ എഡിറ്റ് ചെയ്തത്.
അതേസമയം എമ്പുരാൻ സിനിമയിലെ ചില രംഗങ്ങൾ കട്ട് ചെയ്യാനുള്ള തീരുമാനം ടീം തന്നെ എടുത്തതാണെന്നും രാഷ്ട്രീയ സമ്മർദത്താൽ അല്ലെന്നും നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പറഞ്ഞു.
ഇത് സ്വന്തം നിലയിലാണ് ചെയ്യുന്നത്, ആരുടെയും സമ്മർദ്ദം മൂലമല്ല. ഭാവിയിൽ പോലും സമാനമായ സാഹചര്യം ഉണ്ടായാൽ അതേ മനസ്സോടെ ഞങ്ങൾ അത് കൈകാര്യം ചെയ്യും. ഈ തീരുമാനം ഒരു രാഷ്ട്രീയ പാർട്ടികളുടെയും സ്വാധീനമല്ല- എന്നും ആന്റണി പറഞ്ഞു.