കൊച്ചി : ഹൈക്കോടതി ജഡ്ജിയ്ക്ക് മുൻപാകെ ‘ ഹാൽ ‘ സിനിമയുടെ പ്രദർശനം. ഹർജിക്കാരന്റെയും നിർമ്മാതാവിന്റെയും സംവിധായകന്റെയും ആവശ്യങ്ങൾ കണക്കിലെടുത്ത് ജസ്റ്റിസ് വി ജി അരുൺ ഈ ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ചിത്രം കാണും. കാക്കനാട്ടുള്ള സ്റ്റുഡിയോയിൽ ചിത്രം കാണാൻ സൗകര്യം ഒരുക്കും.സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിനെ തുടർന്നാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചത്.കത്തോലിക്കാ കോൺഗ്രസ് പ്രതിനിധികളും , സെൻസർ ബോർഡ് അംഗങ്ങളും ചിത്രം കാണാൻ എത്തും.
കേസിൽ കക്ഷിചേരാൻ കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് കെ.വി. ചാക്കോ സമർപ്പിച്ച അപേക്ഷ കോടതി നേരത്തെ അനുവദിച്ചിരുന്നു. ഷെയ്ൻ നിഗം നായകനായി എത്തുന്ന ചിത്രത്തിൽ മുസ്ലീം യുവാവും, ക്രിസ്ത്യൻ സ്ത്രീയും തമ്മിലുള്ള പ്രണയകഥയാണ് കാണിക്കുന്നത് . ചിത്രത്തിൽ അനാവശ്യമായ കട്ടിംഗുകൾ വരുത്താൻ സെൻസർ ബോർഡ് ആവശ്യപ്പെടുകയാണെന്ന് നിർമ്മാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും കോടതിയിൽ പറഞ്ഞു . ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യുക, രാഖി ധരിക്കുന്ന ഭാഗങ്ങൾ മങ്ങിക്കുക, ക്രിസ്ത്യൻ വികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങൾ മാറ്റുക തുടങ്ങിയ മാറ്റങ്ങൾ സെൻസർ ബോർഡ് നിർദ്ദേശിച്ചു.
സംഘപരിവാറിനെ വിമർശിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ നീക്കം ചെയ്യാനും സെൻസർ ബോർഡ് നിർദ്ദേശിച്ചു. ആകെ 19 രംഗങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത് . മാറ്റങ്ങൾ വരുത്തിയാൽ സിനിമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് ബോർഡിന്റെ നിലപാട്.

