38 വർഷങ്ങൾക്ക് ശേഷം സിനിമയുടെ റെഡ് കാർപെറ്റ് പ്രീമിയറിന് വേദിയായി കശ്മീർ . ഇമ്രാൻ ഹാഷ്മി ബിഎസ്എഫ് സൈനികനായി എത്തുന്ന ‘ ‘ഗ്രൗണ്ട് സീറോ’ എന്ന സിനിമയുടെ റെഡ് കാർപെറ്റ് പ്രീമിയർ ഈ മാസം 18 ന് ശ്രീനഗറിലാണ് നടക്കുന്നത്. ശ്രീനഗറിൽ ചിത്രം പ്രദർശിപ്പിക്കുന്നതിന് നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പക്ഷേ, ഇപ്പോൾ അത് മാറുകയാണ്.
ഏപ്രിൽ 25 ന് ചിത്രം റിലീസ് ചെയ്യും. ഇന്ത്യൻ സൈന്യത്തിനും ബിഎസ്എഫ് സൈനികർക്കും ആദരാഞ്ജലി അർപ്പിക്കുന്നതിനാണ് ഈ ഷോ സംഘടിപ്പിച്ചിരിക്കുന്നത്.തേജസ് ഡെസ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം റിതേഷ് സിദ്ധ്വാനി, ഫർഹാൻ അക്തർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എക്സൽ എന്റർടൈൻമെന്റിന്റെ കീഴിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇമ്രാൻ ഹാഷ്മിയാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. ബിഎസ്എഫ് കമാൻഡർ നരേന്ദ്ര നാഥ് ധർ ദുബെ എന്ന കഥാപാത്രത്തെയാണ് ഇമ്രാൻ അവതരിപ്പിക്കുന്നത്. ജെയ്ഷെ മുഹമ്മദ് ഭീകരനും പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനുമായ ഗാസി ബാബയുടെ കൊലപാതകത്തിൽ നരേന്ദ്ര നാഥ് ധർ ദുബെ നിർണായക പങ്ക് വഹിച്ചു. അതാണ് ഈ സിനിമയിൽ പറയുന്നത്. ‘ഗ്രൗണ്ട് സീറോ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ശ്രീനഗറിലെ പരിപാടി തികച്ചും ഒരു പ്രചാരണ പരിപാടി മാത്രമാണെന്നും അണിയറ പ്രവർത്തകർ പറയുന്നു.