കൊച്ചി: പ്രശസ്ത സംവിധായകൻ ഷാഫി അന്തരിച്ചു. 57 വയസ്സായിരുന്നു. രാത്രി 12.25 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വൈകീട്ട് നാലിന് കറുകപ്പള്ളി ജുമാമസ്ജിദിൽ നടക്കും. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ. അന്തരിച്ച പ്രശസ്ത സംവിധായകൻ സിദ്ദീഖിന്റെ അനന്തിരവനാണ്. സംവിധായകനും നടനുമായ റാഫി സഹോദരനാണ്.
കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്, ടു കണ്ട്രീസ്, ഷെര്‍ലക്ക് ടോംസ് തുടങ്ങി മലയാളിക്ക് ഹാസ്യത്തിന്റെ മികച്ച അനുഭവ തുടർച്ച നൽകിയ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. 2001-ല്‍ പുറത്തിറങ്ങിയ വണ്‍മാന്‍ഷോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു സംവിധാന രംഗത്തെ അരങ്ങേറ്റം. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാന ചിത്രം.
1968 ഫെബ്രുവരിയിൽ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് റഷീദ് എം.എച്ച്. എന്ന ഷാഫിയുടെ ജനനം. പിതാവ് എം.പി.ഹംസ, മാതാവ് നബീസുമ്മ. രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി ആണ് ഷാഫി സിനിമാ രംഗത്തേക്ക് കടന്നു വന്നത്. അമ്മാവൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും (റാഫി മെക്കാർട്ടിൻ) അതേ പാതയിൽ വെള്ളിത്തിരയിൽ ചിരിപ്പൂരം തീർത്ത ഷാഫിയുടെ വിയോഗം മലയാള സിനിമക്ക് വലിയ നഷ്ടമാണ്.