അടുത്തിടെയാണ് പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ‘ജയ് ഹനുമാൻ’ എന്ന തെലുങ്ക് ചിത്രത്തിന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത് . ഋഷഭ് ഷെട്ടിയാണ് ഇതിൽ പ്രധാനകഥാപാത്രമായി എത്തുന്നത് . ചിത്രത്തിൻ്റെ ചെറിയ ടീസറും ഇതിനോടകം പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഋഷഭ് ഷെട്ടി ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് തിരുമല റാവു എന്ന അഭിഭാഷകൻ
ഹനുമാനെ ‘നിന്ദ്യമായി’ ചിത്രീകരിച്ചെന്നാരോപിച്ചാണ് കേസ്. നാമ്പള്ളി കോടതിയിലാണ് സംവിധായകൻ പ്രശാന്ത് വർമ്മയ്ക്കെതിരെയും ഋഷഭ് ഷെട്ടിക്കെതിരെയും ചിത്രത്തിൻ്റെ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിനെതിരെയും പരാതി നൽകിയിരിക്കുന്നത്.
ഹനുമാനെ മനുഷ്യമുഖത്തോടെ ചിത്രീകരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത് . ഋഷബ് ഷെട്ടി, സംവിധായകന് പ്രശാന്ത് വർമ്മ, നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കെതിരെ ഹൈക്കോടതി അഭിഭാഷകനായ മാമിദൽ തിരുമൽ റാവുവാണ് കേസ് നൽകിയത്.
പരമ്പരാഗത അവതാര രൂപത്തിന് പകരം ഹനുമാന് ‘മനുഷ്യമുഖം’ നല്കി. ഹനുമാൻ്റെ മുഖം മാറ്റി ഹനുമാൻ്റെ സ്വഭാവത്തിൽ മാറ്റം വരുത്തി. ദൈവത്തേക്കാൾ ആ നടന് പ്രാധാന്യം നൽകി. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ തയ്യാറാക്കിയ ഈ ചിത്രത്തിൻ്റെ പോസ്റ്ററുകളും ടീസറുകളും പിൻവലിക്കാൻ ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു.