കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്തു. തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതി നൽകിയത്. ഇരുവരും ചേർന്ന് ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ഒരു സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കേസിൽ അവസാനിച്ചത്.
പരാതിക്കാരനായ ഷംനാസ്, നിവിൻ പോളി ചിത്രം ‘മഹാവീര്യർ’ ന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു. സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 90 ലക്ഷത്തിലധികം രൂപ തനിക്ക് ലഭിക്കാനുണ്ടെന്ന് ഷംനാസ് അവകാശപ്പെട്ടു.കൂടാതെ, നിവിൻ പോളിയുടെ പുതിയ ചിത്രമായ ആക്ഷൻ ഹീറോ ബിജു 2 ൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്തതോടെ 1 കോടി 90 ലക്ഷം രൂപയും നൽകി. എന്നാൽ , അഭിപ്രായവ്യത്യാസങ്ങളുണ്ടായതോടെ ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരു കമ്പനിക്ക് നൽകിയെന്നും അങ്ങനെ തനിക്ക് ഒരു കോടി 90 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.
പരാതിയുമായി ഷംനാസ് വൈക്കം കോടതിയെ സമീപിച്ചിരുന്നു . കോടതിയുടെ നിർദ്ദേശപ്രകാരമാണ് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ നിവിൻ പോളിയെയും എബ്രിഡ് ഷൈനെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. വിശ്വാസ വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നിവിൻ പോളിയോ എബ്രിഡ് ഷൈനോ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

