ഹൈദരബാദ് : സന്ധ്യ തിയറ്ററിൽ ‘പുഷ്പ 2’ ൻ്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് പുഷ്പ ടീം 20 കോടി രൂപ വീതം നൽകണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മന്ത്രി കൊമതി വെങ്കട്ട് റെഡ്ഡി.
അല്ലു അർജുനും സിനിമാ നിർമ്മാതാക്കളും ചേർന്ന് ഈ പണം നൽകണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത് . കഴിഞ്ഞ ദിവസം അല്ലു അർജ്ജുന്റെ വീടിന് നേരെ ഉസ്മാനിയ യൂണീവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ കല്ലേറ് നടത്തിയിരുന്നു . അതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം .
‘പുഷ്പ 2 ചിത്രം ബോക്സ് ഓഫീസിൽ വൻ ലാഭമാണ് നേടിയത്. ഈ ലാഭത്തിൽ നിന്ന് കുടുംബത്തിന് 20 കോടി രൂപ സംഭാവന ചെയ്യാൻ അല്ലു അർജുന് കഴിയും. ഇതിലൂടെ ആ കുടുംബത്തെ സഹായിക്കാം’, കൊമതി വെങ്കട്ട് റെഡ്ഡി ആവശ്യപ്പെട്ടു.
‘അല്ലു അർജുനോട് തീയേറ്ററിന് അടുത്ത് വരരുതെന്ന് പറഞ്ഞു. എന്നാലും അവർ വന്നു. കാറിൻ്റെ സൺറൂഫിനടുത്ത് വന്ന് കൈ വീശി. ഇത് വലിയൊരു വിഭാഗം ആളുകൾ ചേരാൻ കാരണമായി. ഇത് മരണത്തിൽ കലാശിച്ചു. സംഭവം അല്ലു അർജുനെ അറിയിച്ചു. എങ്കിലും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു. ഇത് അശ്രദ്ധയുടെ സൂചനയാണ്, ചിത്രം 2000 കോടി, 3000 കോടി രൂപ നേടിയെന്ന് അവർ അഭിമാനത്തോടെ അവകാശപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് 20 കോടി രൂപ നൽകാനാവില്ലേ. ഇതാണ് എൻ്റെ ആവശ്യം. അല്ലു അർജുനും സംവിധായകരും 20 കോടി രൂപ നൽകണം ‘ അദ്ദേഹം പറഞ്ഞു.