ഡബ്ലിൻ: സെവൻ മിൽസിൽ ആദ്യ സ്റ്റോർ തുറക്കാൻ തീരുമാനിച്ച് പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ലിഡിൽ. അടുത്ത വർഷത്തോട് കൂടി ഇവിടെ ലിഡിൽ സൂപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. സെവൻ മിൽസിൽ ആദ്യമായി സൂപ്പർമാർക്കറ്റ് തുറക്കുന്ന കമ്പനികൂടിയാണ് ലിഡിൽ. അതിനാൽ പുതിയ സേവനം 15,000 നിവാസികൾക്ക് ഗുണകരമാകും.
കിഷോഗെ സ്റ്റേഷന് സമീപമുള്ള ഗ്രേഞ്ച് കാസിൽ റോഡിലായിരിക്കും പുതിയ സ്റ്റോർ. ഗ്രാൻഡ് കനാലിന്റെ തീരത്ത് ലൂക്കാനിനും ക്ലോണ്ടാൽക്കിനും ഇടയിലാണ് സെവൻ മിൽസ് സ്ഥിതി ചെയ്യുന്നത്. കെയ്നാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ലിഡിലിന്റെ വരവ് സെവൻസ് മില്ലിനെ ജീവസുറ്റതാക്കുന്നുവെന്ന് കെയ്ൻ സിഇഒ ജെറാൾഡ് ഹോറെ പറഞ്ഞു. ലിഡിൽ വരുമെന്ന പ്രഖ്യാപനം ആളുകൾക്കിടയിൽ വലിയ സന്തോഷത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

