ഡബ്ലിൻ ; 16 വയസ്സുള്ള കൗമാരക്കാർക്ക് കല, സംസ്കാരം, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികൾക്കും വേദികൾക്കുമായി ചെലവഴിക്കാൻ 100 യൂറോയുടെ വൗച്ചർ നൽകാൻ സർക്കാർ പദ്ധതിയിടുന്നു.
അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റിൽ ഈ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . പദ്ധതി വിജയിക്കുകയാണെങ്കിൽ, അടുത്ത വർഷത്തെ ബജറ്റിൽ 17 വയസ്സുള്ളവർക്കും ഇത് നൽകിയേക്കും.
കല, മാധ്യമം, സാംസ്കാരിക വകുപ്പ് മന്ത്രി പാട്രിക് ഒ’ഡോനോവനാണ് ഇതിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നത്. വരും ദിവസങ്ങളിൽ പൊതു ചെലവ് വകുപ്പ് മന്ത്രി ജാക്ക് ചേംബറുമായി ചേർന്ന് അദ്ദേഹം ഇതിനുള്ള ബജറ്റ് വിഹിതം അന്തിമമാക്കും.
ഡൗൺലോഡ് ചെയ്യാവുന്ന കാർഡ് വഴിയാകാം ഈ വൗച്ചർ ഉപയോഗിക്കാൻ കഴിയുക . 7 മുതൽ 8 ദശലക്ഷം യൂറോ വരെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ, 16 വയസ്സുള്ളവർക്ക് സിനിമാശാലകൾ, തിയേറ്ററുകൾ, സംഗീത വേദികൾ എന്നിവിടങ്ങളിൽ പ്രവേശനം ലഭിക്കും.
ഫ്രാൻസ്, സ്പെയിൻ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ഇതിനകം തന്നെ സമാനമായ ‘കൾച്ചർ കാർഡുകൾ’ നിലവിലുണ്ട്. 300 മുതൽ 500 യൂറോ വരെ മൂല്യമുള്ളവയാണവ.

