ഡബ്ലിൻ ; അയർലൻഡ് നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ സൈമൺ ഹാരിസ് . അടുത്ത മാസത്തെ ബജറ്റിനായുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലെത്തിനിൽക്കെയാണ് സൈമൺ ഹാരിസിന്റെ പ്രസ്താവന.
ഈ ശൈത്യകാലത്ത് സമ്പദ്വ്യവസ്ഥ നേരിടുന്ന “ഏറ്റവും വലിയ വെല്ലുവിളി” ഊർജ്ജ പ്രതിസന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു.ഊർജ്ജ പ്രതിസന്ധിയിൽ നിന്ന് ജനങ്ങളെ പൂർണ്ണമായും സംരക്ഷിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഒരു രാഷ്ട്രീയക്കാരനും സത്യമല്ല പറയുന്നത് . കാരണം ഇവ ആഗോളതലത്തിലുള്ള പ്രശ്നങ്ങളാണ്, അവയുടെ തീവ്രത കുറയ്ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബജറ്റിലൂടെ ഊർജ്ജവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ സഹായം നൽകുമെങ്കിലും, ജീവിതച്ചെലവ് കുറയ്ക്കുന്നതിനായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ 6-ന് നടക്കാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ വിശദാംശങ്ങൾ അന്തിമമാക്കുന്നതിനായി മന്ത്രിമാരടക്കം സർക്കാർ ആസ്ഥാനത്ത് ഉഭയകക്ഷി ചർച്ചകൾ നടക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ.

