കൊച്ചി: അദാനി ഗ്രൂപ്പ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോർട്സ് ആൻഡ് സെസ് ലിമിറ്റഡ് എംഡി കരൺ അദാനി .വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ, തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശേഷി വർദ്ധിപ്പിക്കൽ, ലോജിസ്റ്റിക്സ് ഹബ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു കരൺ അദാനി .
“കേരളം വികസനത്തിന്റെയും പുരോഗതിയുടെയും ഒരു മാതൃകയായി ഉയർന്നുവരുന്നു, ഈ യാത്രയിൽ ഭാഗമാകാൻ അദാനി ഗ്രൂപ്പിലെ ഞങ്ങൾക്ക് ബഹുമതി തോന്നുന്നു.കേരളത്തിന്റെ ആഗോള വ്യാപാര പാരമ്പര്യം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. പുരാതന തുറമുഖമായ മുസിരിസ്, റോം, ഈജിപ്ത്, ചൈന എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കേന്ദ്രമായിരുന്നു, ഇത് കേരളത്തെ സുഗന്ധവ്യഞ്ജനങ്ങളുടെയും സ്വർണ്ണ വ്യാപാരത്തിന്റെയും കേന്ദ്രമാക്കി മാറ്റി.
ഇന്ന്, വിഴിഞ്ഞം ഈ സമ്പന്നമായ പാരമ്പര്യം തുടരുന്നു, ഇന്ത്യയെ ആഗോള വാണിജ്യത്തിന്റെ ഹൃദയഭാഗത്ത് നിർത്തുന്നു. ഈ പുതിയ യുഗത്തിലേക്ക് സംഭാവന ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. വിഴിഞ്ഞം തുറമുഖവുമായുള്ള ഞങ്ങളുടെ യാത്ര 2015 ൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ചു, ഇന്ന് പിണറായി വിജയന്റെ നേതൃത്വത്തിൽ അത് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്,” കരൺ കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പ് ഇതിനകം വിഴിഞ്ഞത്ത് 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട് . അതിനൊപ്പം 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും അദാനി പോർട്സ് ആൻഡ് സെസ് ലിമിറ്റഡ് എംഡി പറഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ 4.5 ദശലക്ഷത്തിൽ നിന്ന് 12 ദശലക്ഷം യാത്രക്കാരിലേക്ക് വികസിപ്പിക്കുമെന്നും കരൺ അദാനി പറഞ്ഞു.