കൊച്ചി : പീഡനക്കേസിൽ യുവസംവിധായകൻ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു. എറണാകുളം അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതിയുടേതാണ് വിധി . നിവിൻ പോളി നായകനായ ‘ പടവെട്ട് ‘ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ലിജു കൃഷ്ണ . കൊച്ചി സ്വദേശിയായ യുവതിയാണ് ലിജുവിനെതിരെ പരാതി നൽകിയിരുന്നത്.
തന്നെ കേസിൽ കുടുക്കിയതാണെന്നും, ഒരു വനിത ചലച്ചിത്ര പ്രവർത്തകയാണിതിന് പിന്നില്ലെന്നും വിധി വന്ന ശേഷം ലിജു മാധ്യമങ്ങളോട് പറഞ്ഞു. കാക്കനാട് ഇൻഫോപാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ 2022 മാർച്ച് ആറിനാണ് ലിജുവിനെ അറസ്റ്റ് ചെയ്തത്. പടവെട്ട് സിനിമയുടെ നിർമ്മാണത്തിനായി വാടകയ്ക്കെടുത്ത വീട്ടിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
സിനിമയുടെ തിരക്കഥയുടെ ചില ഭാഗങ്ങൾ എഴുതാൻ ലിജുവിനെ സഹായിച്ചിരുന്ന യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ ആരോപണങ്ങൾ ഉന്നയിച്ചത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും , മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നിട്ടും തന്നെ പല തവണ ലിജു പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറഞ്ഞത്. ഇക്കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ തന്നെ ആരും വിശ്വസിക്കില്ലെന്ന് ലിജു ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു.
രണ്ട് വർഷം ലിജു പീഡിപ്പിച്ചെന്നും , മാനസികാഘാതത്തിനുള്ള ചികിത്സയിലാണിപ്പോൾ താനെന്നും യുവതി പറഞ്ഞിരുന്നു. അറസ്റ്റിന് പിന്നാലെ ഫെഫ്ക ലിജുവിന്റെ അംഗത്വം റദ്ദാക്കിയിരുന്നു.

