രണ്ട് വർഷം മുൻപ് ബംഗ്ലാദേശിനെ ഭീതിയിലാഴ്ത്തിയ കലാപത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത് . താരിഖ് റഹ്മാൻ നയിക്കുന്ന സർക്കാർ അധികാരമേറ്റ ശേഷം പലതവണ ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേയ്ക്ക് മടക്കി അയക്കണമെന്ന് ഇന്ത്യയോട് ആവശ്യമുന്നയിച്ചിരുന്നു.
ഇതിനിടെ ഡിസംബറിൽ താൻ ബംഗ്ലാദേശിലേയ്ക്ക് മടങ്ങി പോകുമെന്ന് ഷെയ്ഖ് ഹസീന തന്നെ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.എന്നാൽ 2024 ജൂലൈയിലെ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബംഗ്ലദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
അതുകൊണ്ട് തന്നെ ഷെയ്ഖ് ഹസീനയുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാരിന് മുന്നിൽ കർശന ഉപാധികൾ വച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ . ഷെയ്ഖ് ഹസീനയ്ക്ക് സുരക്ഷയും, നീതി ലഭിക്കാനുള്ള അവകാശവും ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നത് .
ഹസീനയെ തിരികെ കൊണ്ടുപോകുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം ബംഗ്ലാദേശ് സൈന്യം ഏറ്റെടുക്കണമെന്നും , കൊണ്ടുപോകാനായി ഡൽഹിയിലേയ്ക്ക് സൈനിക വിമാനം വരണമെന്നും ഇന്ത്യ ഉപാധി വച്ചിട്ടുണ്ടെന്നാണ് സൂചന. കൂടാതെ അവർക്ക് വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാനും വിചാരണ നേരിടാനും അവസരം നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹസീനയുടെ ഇന്ത്യയിലെ താമസം ഇന്ത്യയും , ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ ഹസീന ആദ്യമായി പൊതുവേദിയിൽ സംസാരിച്ചതിന് പിന്നാലെയാണ് താരിഖ് റഹ്മാൻ തന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തുന്ന പാർട്ടിയായ അവാമി ലീഗിന് ബംഗ്ലാദേശിൽ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കണമെങ്കിൽ ഹസീന തിരിച്ചെത്തി നേരിട്ട് പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയും വേണം .
ഈ മാസം 9 നാണ് പുതിയ പാസ്പോർട്ടിനും, യാത്രാരേഖകൾക്കുമായി ഹസീന ബംഗ്ലാദേശുമായി ബന്ധപ്പെട്ടത്. എന്നാൽ അനുകൂലമായ സമീപനമായിരുന്നില്ല ബംഗ്ലാദേശ് സർക്കാരിൽ നിന്നുണ്ടായത്.

