ന്യൂഡൽഹി ; രാം ലീല മൈതാനിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി പൊലീസ്. പ്രതിഷേങ്ങൾ, റാലികൾ, പൊതുയോഗങ്ങൾ എന്നിവ നടത്തുമ്പോൾ പരമാവധി 50,000 പേരെ മാത്രമേ ഇനി രാം ലീല മൈതാനിയിൽ അനുവദിക്കുകയുള്ളൂ. പരിപാടികൾ സംഘടിപ്പിക്കുന്നതിനായി പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമമാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.
രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ മാത്രമേ ഇനി രാം ലീല മൈതാനിയിൽ പ്രതിഷേധങ്ങളും, പൊതുയോഗങ്ങളും നടത്താൻ അനുമതി നൽകൂ. ഈ മാസം ഒന്നിന് രാം ലീല മൈതാനിയിൽ ഇൻഡിയ സഖ്യത്തിന്റെ റാലി നടന്നിരുന്നു. ഇതിൽ പത്ത് ലക്ഷം പേർ പങ്കെടുത്തുവെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. പരിപാടിയുടെ സ്വഭാവം, പ്രതീക്ഷിക്കുന്ന ജനക്കൂട്ടം , സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയടക്കം പരിപാടിയ്ക്ക് പത്ത് ദിവസം മുൻപ് സംഘാടകർ അനുമതിയ്ക്കായി അപേക്ഷ നൽകണം.
പരിപാടിയ്ക്ക് മൈതാനം ലഭ്യമാണെന്ന് സ്ഥിരീകരിക്കുന്ന മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാലുടൻ പൊലീസുമായി ബന്ധപ്പെട്ട് മറ്റ് നടപടികൾ പൂർത്തിയാക്കണം. പരിപാടി നടക്കുന്ന സമയത്ത് ജനക്കൂട്ടം, ഗതാഗതം, പാർക്കിംഗ് എന്നിവ നിയന്ത്രിക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണ്. പങ്കെടുക്കുന്നവർക്കായി കൃത്യമായ് ഡ്രോപ്പ് -ഓഫ് പോയിന്റുകളും ക്രമീകരിക്കണം . റോഡുകൾ , നടപ്പാതകൾ എന്നിവ കയ്യേറുന്നില്ലെന്ന് ഉറപ്പ് വരുത്തി വേണം പരിപാടികൾ നടത്തേണ്ടത്.
സുരക്ഷാ കാരണങ്ങളാൽ, ആയുധങ്ങൾ, വാളുകൾ, കുന്തങ്ങൾ, മൂർച്ചയുള്ള വസ്തുക്കൾ, നിയമം മൂലം നിരോധിച്ചിരിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ അനുവദിക്കില്ല. മൈതാനത്തിന് ചുറ്റും ഡ്രോൺ നിരീക്ഷണത്തിന് പ്രത്യേക അനുമതി ആവശ്യമാണ് . ശുചിത്വം, ശുചിമുറികൾ, പരിപാടിയ്ക്ക് ശേഷമുള്ള മാലിന്യ നിർമ്മാർജ്ജനം എന്നിവയും സംഘാടകരുടെ ചുമതലയാണ്.

