ഡബ്ലിൻ: ഫീനിക്സ് പാർക്കിൽ നിന്നും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെ 10.20 ഓടെയാണ് പാർക്കിലെ വെല്ലിംഗ്ടൺ സ്മാരകത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. കുത്തേറ്റ് മരിച്ച നിലയിലായിരുന്നു. കുത്തേറ്റ നിരവധി പാടുകൾ ശരീരത്തിലുണ്ട്. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.

