നടി സായി പല്ലവിയുടെ പുതിയ പൊലീസ് ലുക്കിന് പ്രചോദനമായത് കേരള കേഡറിലെ ഐപി എസ് ഉദ്യോഗസ്ഥ മെറിൻ ജോസഫാണെന്ന് സംവിധായകൻ. ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ‘ ഓം ‘ എന്ന ചിത്രത്തിലാണ് സായി പല്ലവി പൊലീസ് വേഷത്തിലെത്തുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിന്റെ രൂപകൽപ്പനയ്ക്ക് മെറിൻ ജോസഫിന്റെ ഔദ്യോഗിക വസ്ത്രധാരണ രീതിയും വ്യക്തിത്വവുമാണ് പ്രചോദനമായതെന്ന് സംവിധായകൻ പറഞ്ഞു. സായി പല്ലവി ആദ്യമായി ഐ പി എസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത് .
നിത്യ റെഡ്ഡി ഐപിഎസ് എന്നാണ് കഥാപാത്രത്തിന്റെ പേര് . ആന്ധ്രാപ്രദേശ് പൊലീസിൽ അസിസ്റ്റന്റ് സൂപ്രണ്ടായും, ചന്ദനക്കടത്ത് മാഫിയക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇന്റർപോളിനൊപ്പം പ്രവർത്തിക്കുന്ന സിബിഐ അഡീഷണൽ എസ് പിയായും നിത്യ റെഡ്ഡി സ്ക്രീനിലെത്തും.
സാധാരണ കണ്ടുവരുന്ന പൊലീസ് കഥാപാത്രങ്ങളുടെ സ്റ്റീരിയോ ടൈപ്പിൽ നിന്ന് വ്യത്യസ്തമായൊരു രൂപം സൃഷ്ടിക്കാനാണ് മെറിൻ ജോസഫിനെ റഫറൻസായി എടുത്തതെന്ന് രാജ് കുമാർ പറഞ്ഞു. ‘ ഞാൻ അവരുടെ ഫോട്ടോ മാത്രം സായി പല്ലവിയെ കാണിച്ചു. സായ് അവരെ കോൺടാക്ട് ചെയ്തു. നേരിൽ ചെന്ന് കണ്ടു ഒന്നു രണ്ട് ദിവസം അവർക്കൊപ്പം ചിലവിട്ടു. എങ്ങനെയാണ് ഐ പി എസ് ഓഫീസർമാർ പെരുമാറുന്നതെന്നും മറ്റും നേരി കണ്ട് മനസിലാക്കി. അത്രയധികം തയ്യാറെടുപ്പോടെയാണ് സായ് സെറ്റിലെത്തിയതെന്നും രാജ് കുമാർ പറഞ്ഞു.

