തിരുവനന്തപുരം : മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെതിരെ ചീഫ് സെക്രട്ടറിയ്ക്ക് പരാതി. മധ്യമേഖല ജോയിന്റ് കമ്മീഷണർ എസ് വിനോദ് കുമാറാണ് പരാതി നൽകിയത്. നേരത്തെ സാംബശിവ റാവു വിനോദ് കുമാറിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് പരാതി.
ഗംഗ ബാറിൽ നിന്നും താൻ കൈക്കൂലി വാങ്ങിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് വിനോദ് നൽകിയ പരാതിയിൽ പറയുന്നു. നടപടിക്രമങ്ങളുമായോ ബാർ ഉടമകളുമായോ തനിക്ക് ബന്ധമില്ല. ഇൻഫോർമർ പറഞ്ഞ കാര്യമെന്ന രീതിയിലാണ് റിപ്പോർട്ടിൽ ആരോപണം ഉന്നയിക്കുന്നത് . പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതും, റിപ്പോർട്ട് തയ്യാറാക്കിയതുമെന്നും പരാതിയിൽ പറയുന്നു. മാത്രമല്ല സാംബശിവ റാവുവിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്ന ആരോപണവും വിനോദ് ഉന്നയിച്ചിട്ടുണ്ട്.
അഴിമതിക്കാരായ ഉദ്യോഗസ്ഥർ എക്സൈസിൽ ഉണ്ടെന്നും, മന്ത്രി ലിജുവിന് ബാർ ഉടമയുമായി ബന്ധമുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സർക്കാരും പ്രതിരോധത്തിലായിരുന്നു. റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം ഉടൻ പ്രഖ്യാപിക്കും.

