കോഴിക്കോട് : മുക്കത്ത് എസ് എം എ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ പേരിൽ ചാരിറ്റി തട്ടിപ്പ് നടത്തിയതിന് കേസ് .ശ്രീ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ നൈസാമിനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തു. തിരുവമ്പാടി സ്വദേശിയുടെ പരാതിയിലാണ് മുക്കം പൊലീസ് കേസെടുത്തത് . വ്യാജ ക്യുആര്‍ കോഡ് നിര്‍മ്മിച്ച് പണം തട്ടിയെടുത്തു എന്നാന് പരാതി. കുഞ്ഞുങ്ങളുടെ പേരില്‍ പിരിച്ചെടുത്ത പണം ട്രസ്റ്റിന് നല്‍കിയില്ലെന്നും പരാതിയുണ്ട്.
കുട്ടികൾക്കായി നാട്ടുകാരും , സന്നദ്ധസംഘടനകളും ചേർന്ന് സാമ്പത്തിക സഹായ സമിതി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ അറിവോ, സമ്മതമോ കൂടാതെ നൈസാം സ്വന്തം ക്യൂആർ കോഡ് ഉപയോഗിച്ച് പണം പിരിക്കുകയായിരുന്നു. തന്റെ ഉമ്മയുടെ പേരിലുള്ള അക്കൗണ്ടിന്റെ ക്യൂആർ കോഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
ഒരു ലക്ഷത്തിനാലായിരം രൂപ ഇത്തരത്തിൽ നൈസാം പിരിച്ചു. അത് കൂടാതെ ഗൂഗ്ഗിൾ പേ വഴിയും പണം പിരിച്ചു. സഹായക്കമ്മിറ്റി പരാതി നൽകിയതിനെ തുടർന്ന് ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.അരുൺ-ഷാൽമി ദമ്പതികൾക്ക് ഒറ്റപ്രസവത്തിലൂടെ ജനിച്ച കുരുന്നുകളാണ് ഒന്നര വയസുകാരായ ഡേവിഡ്, ഏഥൻ, ഒലിവർ എന്നിവർ. മൂന്ന് പേരുടെയും ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് വേണ്ടത്.
സ്വകാര്യ സ്ഥാപനത്തിലെ ചെറിയ ജോലി കൊണ്ട് കുടുംബം പുലർത്തുന്ന അരുണിന് ഈ ഭീമമായ തുക കണ്ടെത്താൻ പ്രയാസമായതിനാലാണ് സഹായം തേടിയത് . നിലവിൽ വലിയ തുക ചിലവാക്കിയുള്ള മരുന്നുകളാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. ഇതിനിടെയാണ് ഇത്തരം തട്ടിപ്പുകളും നടക്കുന്നത്. 50 കോടി രൂപയുടെ ചികിത്സാ സമാഹരണത്തിനായി നാട്ടുകാർ ഒന്നടങ്കം രംഗത്തുണ്ട്.

