തിരുവനന്തപുരം : സീറാം സാംബശിവറാവുവിന്റെ ആരോപണത്തിൽ എക്സൈസ് ഉദ്യോഗസ്ഥരെക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത . സാംബശിവറാവുവിന്റെ റിപ്പോർട്ട് ആഭ്യന്തരസെക്രട്ടറിയ്ക്ക് നികുതി വകുപ്പ് സെക്രട്ടറി കൈമാറും. ആരോപണങ്ങളിൽ സീറാം സാംബശിവ റാവു തെളിവ് നൽകേണ്ടി വരും .
രണ്ട് ഉദ്യോഗസ്ഥർക്ക് കൈക്കൂലിയുമായി ബന്ധമുണ്ട് എന്ന് റിപ്പോർട്ടിൽ സാംബശിവ റാവു ആരോപിച്ചിരുന്നു. അന്വേഷണം വന്നാൽ ഇതുമായി രേഖകൾ അദ്ദേഹം നകേണ്ടി വരും. മന്ത്രി എം ലിജുവിന് ഒരു ബാർ ഉടമയുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും സാംബശിവ റാവു നൽകേണ്ടി വരും.
അതേസമയം അന്വേഷണം നടക്കട്ടെ എന്ന നിലപാടിലാണ് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു .വൈകാതെ തന്നെ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്യുമെന്നാണ് വിവരം. ജോയിന്റ് എക്സൈസ് കമ്മിഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മിഷണർ അജയ് എന്നിവർ വലിയതോതിൽ കൈക്കൂലിവാങ്ങുന്നുവെന്നും മന്ത്രി എം ലിജുവിന് കായംകുളത്തെ ബാർ ഉടമയുമായി അടുത്ത പരിചയമുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ജീവനക്കാരുടെ സ്ഥലം മാറ്റത്തിലുൾപ്പെടെ മന്ത്രി ഓഫീസിന്റെ ഇടപെടലുണ്ട്. കമ്മീഷണർ അറിയാതെ സ്ഥലം മാറ്റ ഉത്തരവുകൾ അംഗീകരിക്കപ്പെടുന്നുണ്ടെന്നും അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് നൽകിയ ഉത്തരവിൽ പറയുന്നു.ബാർ ലൈസൻസ് വിവാദത്തെത്തുടർന്ന് മന്ത്രിയുടെ ആവശ്യപ്രകാരമാണ് സീറാം സാംബശിവറാവുവിനെ കഴിഞ്ഞദിവസം മാറ്റിയത്. വെള്ളിയാഴ്ച സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപാണ് റിപ്പോർട്ട് കൈമാറിയത്.

