ബെംഗളൂരു : കാബ് ഡ്രൈവർ ഇന്ദുശേഖർ കൊലപ്പെടുത്തിയവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി പൊലീസ്. ഇന്ദുശേഖറിന്റെ ഭാര്യ സുനിത, ഭാര്യാമാതാവ് രൂപാവതി എന്നിവരുടെ മൃതദേഹങ്ങളാണ് തമിഴ്നാട്ടിലെ സേലം ജില്ലയിലെ കാട്ടിൽ നിന്ന് കണ്ടെത്തിയത്. 15 ദിവസത്തിനിടെ ഭാര്യയെയും ആറ് കുടുംബാംഗങ്ങളെയുമാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയത്.
പ്ലാസ്റ്റിക്ക് കവറുകളിലും, ചാക്കുകളിലുമായി കെട്ടിയാണ് മൃതദേഹങ്ങൾ ഉപേക്ഷിച്ചത് .മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും നിയമനടപടികൾ പൂർത്തിയാക്കാനുമായി പന്ത്രണ്ട് കുടുംബാംഗങ്ങളാണ് സേലത്ത് എത്തിയിരിക്കുന്നത്.
ഒക്ടോബർ 14 ന് രാത്രിയിലാണ് ഇന്ദുശേഖർ ഭാര്യ സുനിതയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പിറ്റേന്ന് 17 വയസുള്ള മകളെ കൊണ്ട് രൂപാവതിയെ മട്ടൻ കറി വച്ച് ഭക്ഷണം കഴിക്കാനെന്ന വ്യാജേന വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി. അതിനു ശേഷമാണ് രൂപാവതിയെ കൊലപ്പെടുത്തിയത്.
ചോദ്യം ചെയ്യലിൽ ആദ്യം ഉറക്ക ഗുളിക നൽകി മയക്കിയതായും ഗാഢനിദ്രയിലാകുമ്പോൾ കല്ലു കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നും ഇന്ദുശേഖർ വെളിപ്പെടുത്തി. ശബ്ദം അയൽക്കാർ കേൾക്കാതിരിക്കാൻ ടിവിയുടെ ശബ്ദം പരമാവധി കൂട്ടുമെന്നും പ്രതി വെളിപ്പെടുത്തി. കുറ്റകൃത്യത്തിന് ശേഷം മൃതദേഹങ്ങൾ പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലുമായി മാറ്റും. ഇതിനായി മകളും സഹായിച്ചുവെന്നാണ് സൂചന.
പിന്നീട് അതിരാവിലെ മൃതദേഹങ്ങൾ ടൊയോട്ട എത്തിയോസ് കാറിന്റെ ഡിക്കിയിൽ വച്ച ശേഷം ഉപേക്ഷിക്കും. കാറിൽ നിന്ന് അര ഡസൻ പെർഫ്യൂം കുപ്പികളും കണ്ടെത്തി. ദുർഗന്ധം മറയ്ക്കാനാണ് ഇവ ഉപയോഗിച്ചത് .മൃതദേഹങ്ങൾ ഉപേക്ഷിക്കും മുൻപ് സ്ത്രീകളിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ ഊരിമാറ്റിയിരുന്നു. ചിലത് വിൽക്കുകയും ചെയ്തു.
അതേസമയം ഒക്ടോബർ 29 ന് കൊല്ലപ്പെട്ട ഏഴുവയസുകാരൻ പുനീതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഭാരമുള്ള എന്തോ വസ്തുകൊണ്ട് തലയിലും, നെറ്റിയിലും അടിച്ചതായി പറയുന്നുണ്ട്.പ്രാഥമിക അന്വേഷണത്തിൽ ഇന്ദുശേഖറും , ഭാര്യയും തമ്മിൽ കഴിഞ്ഞ 20 വർഷമായി വഴക്കിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതിനു പുറമേ മൂന്ന് കോടി രൂപയുടെ സ്വത്തുമായി ബന്ധപ്പെട്ട തർക്കവും നിലനിന്നിരുന്നു.
നിരവധി ബന്ധുക്കൾ ഒന്നിനു പുറകേ അപ്രത്യക്ഷരാകാൻ തുടങ്ങിയതോടെയാണ് കേസ് വെളിച്ചത്ത് വന്നത് . സുനിതയുടെ ഫോണിലേയ്ക്ക് മെസെജുകൾ മാത്രമെ പോകുന്നുള്ളുവെന്നും, കോളുകൾക്ക് മറുപടി ഇല്ലെന്ന ബന്ധുക്കളുടെ സംശയവുമാണ് ഇന്ദുശേഖറിനെ കുടുക്കിയത്.

