പ്രതിരോധ രംഗത്ത് സുപ്രധാന മുന്നേറ്റമാണ് രാജ്യം നടപ്പാക്കുന്നത് . വിദേശത്ത് നിന്നുള്ള ആയുധ ഇറക്കുമതി കുറച്ചതും മേയ്ക്ക് ഇൻ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകിയതും മോദിസർക്കാർ കൊണ്ടുവന്ന നിർണ്ണായക തീരുമാനങ്ങളായിരുന്നു. അഗ്നിവീർ എന്ന സൈനിക വിഭാഗവും എൻ ഡി എ സർക്കാർ നടപ്പാക്കിയ പദ്ധതികളിലൊന്നാണ്.
ദീപാവലിയ്ക്ക് മുന്നോടിയായി അഗ്നിവീർ സൈനികരുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനത്തിനു ഒരുങ്ങുകയാണിപ്പോൾ കേന്ദ്ര സർക്കാർ. അഗ്നി വീറുകളിൽ 25 ശതമാനം പേർ ഇനി സാധാരണ സൈനികരായി മാറും. കൂടാതെ അഗ്നിവീറുകളുടെ സേവന കാലയളവ് നാലിൽ നിന്ന് ആറ് വർഷമായി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ എൻ എസ് രാജസുബ്രഹ്മണി ഇക്കാര്യം സ്ഥിരികരിച്ചിട്ടുമുണ്ട്.
അഗ്നിവീർ ആദ്യ ബാച്ചിന്റെ നാലു വർഷങ്ങൾ അവസാനിക്കാൻ പോകുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം വരുന്നത്. ഈ നാലു വർഷത്തിനിടെ പ്രതിരോധ വകുപ്പ് നടത്തിയ .അഗ്നി വീറുകളുടെ പ്രകടന വിലയിരുത്തലുകളെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിച്ചത്. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് 25 ശതമാനം അഗ്നിവീറുകളെ സാധാരണ സേനയിൽ ചേർക്കുന്നത്. അധികമായി നൽകുന്ന രണ്ട് വർഷത്തെ കാലയളവിൽ അവർക്ക് ഉയർന്നപ്രതിഫലവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഈ 75% അഗ്നിവീറുകൾക്കും 2 വർഷത്തെ രണ്ടാമത്തെ സേവന കാലയളവ് നൽകണമെന്ന് ഇന്ത്യൻ പ്രതിരോധ സേന ശുപാർശ ചെയ്തിട്ടുണ്ട്. ഇത് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.
രണ്ടാമത്തെ തവണ 2 വർഷത്തെ സേവന കാലയളവ് പൂർത്തിയായി കഴിഞ്ഞാൽ എല്ലാ അഗ്നിവീർ സൈനികർക്കും അവരുടെ സന്നദ്ധതയും , മെറിറ്റും അടിസ്ഥാനമാക്കി സായുധസേനയിൽ സാധാരണ സൈനികരായി ചേരാനുള്ള അവസരം നൽകും.
ഈ നാല് വർഷത്തിനിടെ അഗ്നിവീർമാരുടെ ശാരിരിക്ഷമത , പ്രചോദനം , മനോവീര്യം, സാങ്കേതിക വൈദഗ്ധ്യം, അച്ചടക്കം എന്നിവ വളരെ ഉയർന്ന നിലവാരത്തിലാണെന്നും വ്യക്തമായിട്ടുണ്ടെന്ന് രാജസുബ്രഹ്മണി പറഞ്ഞു. ബിരുദം നേടാനുള്ള അവസരവും സൈനികർക്ക് ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ദേശീയ യോഗ്യതകൾ വഴി നൈപുണ്യസർട്ടിഫിക്കറ്റുകളും പ്രതിരോധ വകുപ്പ് നൽകുന്നുണ്ട്.

