തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ എൽ പി എസ് ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി പാറ്റാപാർട്ടി രംഗത്ത് . നാളെ മുതൽ സമരപ്പന്തലിൽ പാറ്റാ പർട്ടിയുടെ നിരാഹാര സമരം ആരംഭിക്കും. കേരളഘടകത്തിലെ രണ്ട് പ്രവർത്തകരാണ് നിരാഹാരമിരിക്കുന്നത്.
സമരത്തിന് പിന്തുണയുമായി നേരത്തെ ഡി വൈ എഫ് ഐ , എ ഐ എസ് എ, യുവമോർച്ച , എബി വി പി, എസ് യു സി ഐ തുടങ്ങിയ സംഘടനകൾ രംഗത്തെത്തിയിരുന്നു. അധ്യാപക സംഘടനയായ കെ എസ് ടിയും സമരത്തിന് ഐക്യദാർഢ്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാറ്റാ പാർട്ടിയും സമരത്തിന്റെ ഭാഗമാകുന്നത് . പാർട്ടിയുടെ സൗത്ത് ഹെൽത്ത് കോർഡിനേറ്റർമാരായ ഫിറോസ്ഖാനും , സനൂപുമാണ് നാളെ മുതൽ നിരാഹാരമനുഷ്ഠിക്കുന്നത് .
അതേസമയം സമരസമിതി സെക്രട്ടറി വളർമതിയുടെ നിരാഹാരസമരം പത്താം ദിവസവും തുടരുകയാണ്. ഉദ്യോഗാർഥികളുടെ പ്രതിഷേധം 122-)0 ദിവസത്തിലേയ്ക്ക് നീങ്ങുമ്പോഴും പ്രധാന ആവശ്യമായ അധ്യാപക- വിദ്യാർഥി അനുപാതം കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികൾക്ക് നീതി ലഭ്യമാകണമെന്നും , നിയമന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നുമാണ് സമരക്കാരുടെ ആവശ്യം. മുഖ്യമന്ത്രി വി ഡി സതീശൻ , കെ സി വേണുഗോപാൽ എന്നിവരടക്കം നൽകിയ വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർത്ഥികൾ ചലോകേരള മാർച്ച് നടത്തിയത് . വിവിധ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചതോടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കൂടുതൽ ശ്രദ്ധ നേടുകയാണ്.അതേസമയം പാറ്റകൾക്കൊപ്പം ചേർന്ന് കേന്ദ്രസർക്കാരിനെതിരെ സമരം നടത്തിയ കോൺഗ്രസിന് കേരളത്തിലെ പാറ്റകളുടെ സമരം തിരിച്ചടിയാകുകയാണ്.

