ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ പൂജാരിമാർ പീഡനങ്ങൾ നടത്തുന്നുണ്ടെന്ന ‘ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ’ പ്രസിഡന്റ് നേഹ ബോറയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്ത് . നേഹ ബോറയുടെ ഹിന്ദു വിരുദ്ധ മനോഭാവമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി ആരോപിച്ചു. നേഹ ബോറ മുൻപ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതാണ് വിവാദങ്ങൾക്കിടയാക്കിയത്.
ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പങ്ക് വച്ച വീഡിയോയിൽ ‘ സംരക്ഷണം തീർച്ചയായും ആവശ്യമാണ് . ഈ ബ്രാഹ്മണിക്കൽ വ്യവസ്ഥിതിയിൽ നിന്ന് തന്നെയാണ് സംരക്ഷണം വേണ്ടതു. ദരിദ്രർ, അടിച്ചമർത്തപ്പെട്ടവർ, മൃഗങ്ങൾ, സ്ത്രീകൾ എന്നിവരെല്ലാം അടിച്ചമർത്തലിനും ദുരുപയോഗത്തിനും ഇരയാകേണ്ടവരാണെന്ന് വിശ്വസിക്കുന്ന ഒരു വ്യവസ്ഥിതിയാണിത്. ഇതേ വ്യവസ്ഥിതിയിൽ തന്നെയാണ് ബ്രാഹ്മണ സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നത് . ക്ഷേത്രങ്ങൾക്കുള്ളിൽ പൂജാരിമാർ ബലാത്സംഗങ്ങൾ നടത്തുന്നു. ഉന്നാവോയിലും കഠുവയിലും ഇത്തരം സംഭവങ്ങൾ നമ്മൾ കണ്ടതാണ് ‘ എന്നാണ് നേഹ ബോറ പറയുന്നത്. രാഹുൽ ഗാന്ധിയുടെ പോസ്റ്റർ ഗേൾ ആണ് നേഹയെന്നും, ഹിന്ദു വിദ്വേഷം പ്രചരിപ്പിക്കുകയാണേന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.
ഹിന്ദു പുരോഹിതന്മാരെ അപമാനിച്ച നേഹ ബോറ ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടതെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.ശിവസേന (യുബിടി ) മുൻ എം പി പ്രിയങ്ക ചതുർവേദി, എസ് പി എം പി രാജീവ് റായ് എന്നിവരും നേഹ ബോറയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

