കണ്ണൂർ : മുൻ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെ ആക്രമിച്ചെന്ന കേസിൽ കെ എസ് യു പ്രവർത്തകർക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് കാട്ടി പ്രത്യേക അന്വേഷണസംഘം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. ആദ്യ അന്വേഷണ സംഘം കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്ന കുറ്റങ്ങൾ പ്രതിഷേധക്കാർ ചെയ്തിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത് . കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും റിപ്പോർട്ടിലുണ്ട്.
എസ്ഐടി തലവന്‍ യു പ്രേമന് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. പ്രതിഷേധത്തിൽ റെയിൽ വേ പൊലീസ് നടത്തിയ കുറ്റങ്ങളും നിലനിൽക്കില്ല. കലാപശ്രമം , തടഞ്ഞു വയ്ക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ , റെയിൽ വേ പരിസരത്ത് അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളാണ് ആദ്യ അന്വേഷണ സംഘം പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിരുന്നത് .
എഫ് ഐ ആറിൽ ചുമത്തിയിരുന്ന വധശ്രമം കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളൊന്നും പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും എസ് ഐ ടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വീണാ ജോർജ്ജിനൊപ്പമുള്ള പൊലീസിന്റെ ചുമതല പ്രതിഷേധക്കാരനെ തടയുകയായിരുന്നു. ആ ഔദ്യോഗിക കൃത്യനിർവഹണം പ്രതിഷേധക്കാർ തടഞ്ഞിട്ടില്ല.
കരിങ്കൊടി വീശിയ പ്രതിഷേധക്കാരെ പൊലീസ് തടയുകയായിരുന്നു. മന്ത്രിയെ തടഞ്ഞു വെക്കുന്ന സാഹചര്യവും ഉണ്ടായിട്ടില്ല. പ്ലാറ്റ് ഫോം ടിക്കറ്റെടുത്താണ് പ്രതിഷേധക്കാർ സ്റ്റേഷനിൽ കയറിയത്. അതുകൊണ്ട് തന്നെ അതിക്രമിച്ച് കയറിയെന്ന ആരോപണം നിലനിൽക്കില്ല.കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്ന കോടതി നിരീക്ഷണം അടക്കം ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത് . തെറ്റായ മൊഴി നൽകിയ മുൻ ഗണ്മാൻ അഭിലാഷ്, പ്രാഥമിക അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് എസ് ഐ ടി നേരത്തേ ഡിജിപിയ്ക്ക് നൽകിയിരുന്നു.

