അമരാവതി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ‘ മുരശ് ‘ ചുഴലിക്കാറ്റായി രൂപം ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ രണ്ടോടെ ഇത് കൂടുതൽ കരുത്താർജ്ജിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറും.
നവംബർ മൂന്നിന് രാവിലെ തെക്കൻ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും നർസാപുരിനും ഇടയിൽ കരതൊടുമെന്നാണ് കണക്കാക്കുന്നത്. കര തൊടുമ്പോൾ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ് വീശുക.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലെ തീരപ്രദേശങ്ങളിലും റായലസീമയിലും, അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഏലൂരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ , ഗുണ്ടൂർ , തിരുപ്പതി തുടങ്ങിയ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ബുധനാഴ്ചവരെ കടലിൽപോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. മുൻ കരുതലിന്റെ ഭാഗമായി അയൽ സംസ്ഥാനമായ ഒഡീഷയിലെ താഴ്ന്നപ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.
ദിവസങ്ങൾക്ക് മുൻപാണ് ബംഗാൾ ഉൾക്കടലിലുണ്ടായ ശക്തമായ ന്യൂനമർദ്ദം ‘ അർണബ്‘ ചുഴലിക്കാറ്റായി ആന്ധ്രാതീരത്ത് , ആന്ധ്രാ, ഒഡിഷ തീരങ്ങളിൽ ആഞ്ഞടിച്ചത്. അന്ന് ഒരു ലക്ഷത്തോളം പേരെയാണ് മാറ്റി പാർപ്പിച്ചത്.

