തിരുവനന്തപുരം ; രക്താർബുദം ബാധിച്ച് ആർ സിസിയിൽ കീമോ തെറാപ്പിയ്ക്ക് എത്തിച്ച കുഞ്ഞ് കയ്യിൽ അണുബാധ ബാധിച്ച് വെന്റിലേറ്ററിൽ. കൊല്ലം മങ്ങാട് സ്വദേശികളായ വിഷ്ണു- വീണ ദമ്പതികളുടെ കുഞ്ഞ് വിധാൻ ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത് . കുഞ്ഞിന്റെ ക്യാനുല ഇട്ട കയ്യിൽ ബിപി മെഷീൻ വച്ച് രക്തസമ്മർദ്ദം നോക്കിയതിന് പിന്നാലെ രക്തക്കുഴലുകൾക്ക് ക്ഷതവും, അണുബാധയുമുണ്ടായി . ദിവസങ്ങളോളം ചികിത്സ കിട്ടിയില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു.
അഞ്ച് ദിവസമായി വെന്റിലേറ്ററിലാണ് കുഞ്ഞ് . മാതാപിതാക്കൾ നടത്തിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലും , പതോളജി റിപ്പോർട്ടിലും കുഞ്ഞിന്റെ കയ്യിലെ അണുബാധയെ പറ്റിയും , രക്തക്കുഴലിലെ ക്ഷതത്തെ പറ്റിയും പറയുന്നുണ്ട്.
സെപ്റ്റംബറിൽ അമൃത ഹോസ്പിറ്റലിൽ വച്ചാണ് വിധാന് അർബുദം സ്ഥിരീകരിച്ചത് . തുടർന്ന് കീമോ തെറാപ്പിയ്ക്കായാണ് ആർ സിസിയിൽ എത്തിച്ചത് . ഒക്ടോബർ 14 ന് ആദ്യഘട്ട കീമോ കഴിഞ്ഞു. 19 ന് മരുന്ന് നൽകാൻ ഇടത് കയ്യിൽ ക്യാനുല ഇട്ടു. അതേ കയ്യിൽ തന്നെ രക്തസമ്മർദം നോക്കുകയും ചെയ്തു. ബി.പി. നോക്കാനായി മർദം കൊടുത്തതിനുപിന്നാലെ കൈ നീലനിറമാകുകയും നീരുവെച്ച് തുടങ്ങുകയും ചെയ്തു.
ഇക്കാര്യം ഡോക്ടർമാരെയും, നേഴ്സുമാരെയും അറിയിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്നും കുഞ്ഞിന്റെ മാതാപിതാക്കൾ പറഞ്ഞു.ഈ അവസ്ഥയിൽ കുഞ്ഞ് ഒൻപതുദിവസമാണ് ചികിത്സ കിട്ടാതെ കഴിഞ്ഞത്. മാതാപിതാക്കൾ ആർ സി സി ഡയറക്ടറെ കണ്ട് പരാതിപ്പെട്ടപ്പോഴാണ് ബോർഡ് കൂടി കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയ നടത്താൻ നിർദേശം നൽകിയത്. കുഞ്ഞിന്റെ കയ്യുടെ മുകൾഭാഗം മുതൽ താഴ് ഭാഗം വരെ കീറിയ നിലയിലാണ് . ഹൃദയത്തിനും തകരാർ സംഭവിച്ചതായി വിഷ്ണു പറഞ്ഞു.

