ഡബ്ലിൻ:ഡബ്ലിൻ നഗരത്തിൽ അനധികൃത പാർക്കിംഗിനെതിരെ ഇന്ന് മുതൽ കർശന നടപടി സ്വീകരിക്കും. പിഴ തുക വർധനവുൾപ്പെടെയുള്ള നടപടികളാണ് കർശനമാക്കുന്നത്. നിയമ വിരുദ്ധ പാർക്കിംഗിന് ക്ലാമ്പിംഗ് നടപ്പിലാക്കുന്നതിന് പകരം ടോവിംഗ്, പിഴ എന്നീ നടപടികളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി പട്രോളിംഗ് ശക്തമാക്കാൻ ഗാർഡ എൻഫോഴ്സ്മെന്റ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ തടസ്സം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ബിസിനസ് ഉടമകളിൽ നിന്നും താമസക്കാരിൽ നിന്നും ലഭിക്കുന്ന പരാതികൾക്ക് കൂടുതൽ പ്രധാന്യം നൽകും. സിറ്റി കൗൺസിൽ പാർക്കിംഗ് ഓപ്പറേറ്ററായ ആപ്കോവ ഗ്രൂപ്പുമായുള്ള പുതിയ കരാർ ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് നടപടി കർശനമാക്കുന്നത്. അഞ്ച് വർഷത്തേയ്ക്ക് 51 മില്യൺ യൂറോയുടെ കരാറാണ് നടപ്പിലാക്കുന്നത്. 22 വർഷമായി തുടർന്നിരുന്ന ക്യു-പാർക്കിന്റെ ഉടമസ്ഥതയിലുള്ള ഡിഎസ്പിഎസുമായുള്ള പഴയ കരാർ ഇന്നലെ അവസാനിച്ചു.

