സെബു : ഇന്ത്യ ആരെയും പ്രകോപിപ്പിക്കില്ലെന്നും എന്നാൽ രാജ്യത്തിന് നേരെ വന്നാൽ വെറുതെ വിടില്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് . ഫിലിപ്പീൻസിലെ സെബുവിൽ നടന്ന ആസിയാൻ പ്രതിരോധമന്ത്രിമാരുടെ മീറ്റിംഗ് പ്ലസ് വേളയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ് .
ആഗോള തലത്തിൽ ഇന്ത്യയുടെ വിശ്വാസ്യതയും, പ്രതിരോധതയ്യാറെടുപ്പും വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ നമ്മുടെ രാജ്യം ഇപ്പോൾ ദുർബലമല്ല . നമ്മൾ ആരെയും പ്രകോപിപ്പിക്കില്ല. പക്ഷെ ആരെങ്കിലും നമ്മളെ പ്രകോപിപ്പിച്ചാൽ വെറുതെ വിടുകയുമില്ല. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ലോകത്ത് അഞ്ചാം സ്ഥാനത്താണ് . പശ്ചിമേഷ്യയിലെ പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ ലോകത്തെ തന്നെ മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നാകുമായിരുന്നു ഇന്ത്യ.
ലോകത്തെ മുഴുവൻ സ്വന്തം കുടുംബമായി കാണുന്ന ഒരേ ഒരു രാജ്യം ഇന്ത്യയാണ്. വസുധൈവ കുടുംബകം എന്നാണ് ഇന്ത്യ സംസാരിക്കുന്നത്. നാഗപഞ്ചമി ദിനത്തിൽ പാമ്പുകൾക്ക് പോലും പാൽ കൊടുക്കാൻ പാകത്തിന് നമ്മുടെ ഹൃദയങ്ങൾ വലുതാണ്.ഇന്ത്യയുടെ യശസ് ലോകമെമ്പാടും ഉയർന്നു. ഇല്ലായിരുന്നെങ്കിൽ 35 രാജ്യങ്ങൾ നമ്മുടെ പ്രധാനമന്ത്രിയെ അവരുടെ പരമോന്നത ബഹുമതികൾ നൽകി ആദരിക്കില്ലായിരുന്നു. ഇന്ന് ഇന്ത്യ സംസാരിക്കുമ്പോൾ അത് കേൾക്കുന്നത് ലോകം മുഴുവനുമാണ്.‘ – രാജ്നാഥ് സിംഗ് പറഞ്ഞു.

